വിദ്യാർഥി നിസഹരണ സമരത്തിനിടെ അറസ്റ്റിലായ മുഴുവൻ ആളുകളെയും വിട്ടയക്കാനും യോഗത്തിൽ തീരുമാനമായി
പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുടെ രാജിക്കു പിന്നാലെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയയെ ജയിൽ മോചിതയാക്കാൻ തീരുമാനം. ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബിഎൻപി ചെയർപേഴ്സൺ ബീഗം ഖാലിദ സിയയെ മോചിക്കാൻ ഏകകണ്ഠമായി തീരുമനിച്ചെന്ന് പ്രസിഡൻ്റിൻ്റെ പ്രസ് ടീം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
കരസേന മേധാവി ജനറൽ വക്കർ ഉസ് സമാൻ, നാവിക വ്യോമസേന മേധാവികൾ, ബിഎൻപി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കളും യോഗത്തിൽ പങ്കെടുത്തു. വിദ്യാർഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവൻ ആളുകളെയും വിട്ടയക്കാനും യോഗത്തിൽ തീരുമാനമായി.
നേരത്തെ, രാജ്യം ഭരിക്കാൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് കരസേനാ മേധാവി ജനറൽ വക്കർ ഉസ് സമാൻ പറഞ്ഞിരുന്നു. ഷെയ്ഖ് ഹസീനയുടെ രാജിയെ തുടർന്ന്, ഉച്ചകഴിഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ബംഗ്ലാദേശ് സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്.
ബംഗ്ലാദേശിൻ്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കലാപങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിക്കുന്ന ജനക്കൂട്ടത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.നിരവധി വാഹനങ്ങളും സർക്കാർ ഓഫീസുകളും അഗ്നിക്കിരയാക്കി. ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ തെരുവുകളിൽ പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് കയ്യേറിയിരിക്കുന്നത്. ഇവിടങ്ങളിൽ ക്രമസമാധാനം പൂർണമായി തകർന്ന നിലയിലാണ്. സംഘർഷങ്ങളെ തുടർന്ന് ധാക്കയിലെ അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടുണ്ട്.