ഉത്തര്‍പ്രദേശില്‍ ബിജെപി എന്തുകൊണ്ട് തോറ്റു? ആറ് കാരണങ്ങള്‍ നിരത്തി പാര്‍ട്ടി റിപ്പോര്‍ട്ട്

തോൽവിയെ തുടർന്ന് സംസ്ഥാനത്ത് ആഭ്യന്തര അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് റിപ്പോർട്ട് സമർപ്പിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും
Published on

ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിനിടെ ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കാരണങ്ങള്‍ അക്കമിട്ട് നിരത്തി ബിജെപി സംസ്ഥാന ഘടകം. ചോദ്യപേപ്പര്‍ ചോര്‍ച്ച, സര്‍ക്കാര്‍ ജോലികളിലെ കരാര്‍വത്കരണം, സംസ്ഥാന ഭരണത്തിലെ ഉന്നത ഇടപെടല്‍ ഉള്‍പ്പെടെ കാരണങ്ങള്‍ നിരത്തിയാണ് 15 പേജുള്ള വിലയിരുത്തല്‍. 40,000ഓളം പേരില്‍നിന്നുള്ള പ്രതികരണം സ്വീകരിച്ചുകൊണ്ടാണ് സംസ്ഥാനത്തെ, പ്രത്യേകിച്ച് അമേത്തി, അയോധ്യ പോലുള്ള സുപ്രധാന മണ്ഡലങ്ങളിലെ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തിയതെന്നാണ് വിവരം. ഉന്നത നേതൃത്വത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പ്രചാരണത്തില്‍ സംഭവിച്ച പാളിച്ചകളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടായ അതൃപ്തിയുമൊക്കെ ഉള്‍പ്പെടുന്നതായാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്ഥാനത്തെ 80 ലോക്‌സഭ സീറ്റുകളില്‍ 36 സീറ്റുകള്‍ മാത്രമാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് ഇക്കുറി നേടാനായത്. 2019ല്‍ 64 സീറ്റുകളായിരുന്നു നേട്ടം. അതേസമയം, ഇന്ത്യ സഖ്യത്തില്‍ യോജിച്ച് തെരഞ്ഞെടുപ്പ് നേരിട്ട സമാജ് വാദി പാര്‍ട്ടി -കോണ്‍ഗ്രസ് സഖ്യത്തിന് 43 സീറ്റുകള്‍ ലഭിച്ചു. ഇത് ബിജെപി സംസ്ഥാന ഘടകത്തില്‍ തന്നെ അസ്വാരസ്യങ്ങള്‍ക്ക് കാരണമായി. പിന്നാലെയാണ്, തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. സംസ്ഥാനത്ത് ബിജെപിക്ക് എട്ട് ശതമാനത്തോളം വോട്ട് ഇടിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാന ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിർണായകമായ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയെ തുടർന്ന് ഉത്തർപ്രദേശിൽ നിന്നുള്ള നേതാക്കളുമായി കൂടുതൽ ചർച്ചകൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. അമിത ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പ് തോൽവിയിലേക്ക് പാർട്ടിയെ എത്തിച്ചതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹങ്ങൾക്ക് കരണമായിട്ടുണ്ടെന്ന് കൂടിക്കാഴ്ചയിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന ഭരണത്തിലെ ഉന്നതതല ഇടപെടലുകൾ, പാർട്ടി പ്രവർത്തകർക്കിടയിലെ അതൃപ്തി, പേപ്പർ ചോർച്ച, സർക്കാർ പദവികളിൽ കരാർ തൊഴിലാളികളെ നിയമിക്കൽ എന്നിവ ഉൾപ്പെടെയുള്ള ആറ് പ്രാഥമിക കാരണങ്ങൾ ആണ് സംസ്ഥാനത്ത് പാർട്ടിയെ തോൽവിയിലേക്ക് നയിച്ചതെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിൻ്റെ റിപ്പോർട്ടിലുള്ളത്. എംഎല്‍എയ്ക്ക് അധികാരമൊന്നുമില്ല. ജില്ലാ മജിസ്ട്രേറ്റും മറ്റു അധികാരികളുമാണ് ഭരണം നടത്തുന്നത്. വർഷങ്ങളായി സംസ്ഥാനത്ത് ആർഎസ്എസും ബിജെപിയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്, സമൂഹവുമായി അടുത്ത ബന്ധവും ഉണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും ഉദ്യോഗസ്ഥര്‍ പകരക്കാരാകില്ല. ആര്‍എസ്എസാണ് ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേശകന്‍. അവരാണ് പാര്‍ട്ടിക്ക് താഴേത്തട്ടില്‍ അടിത്തറയുണ്ടാക്കി കൊടുത്തതെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതികരിക്കുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 15 ചോദ്യ പേപ്പർ ചോർച്ച ഉണ്ടായെന്ന് മറ്റൊരു നേതാവ് ചൂണ്ടിക്കാണിക്കുന്നു. സംവരണം ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണിത്. അതിനൊപ്പം, സർക്കാർ ജോലികളില്‍ കരാർ തൊഴിലാളികളെ നിയമിക്കുന്നത് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നുന്നതായും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. കുർമി, മൗര്യ സമുദായങ്ങളിൽ നിന്നുള്ള പിന്തുണ കുറഞ്ഞത് ദളിത് വോട്ടുകൾ കുറയുന്നതിന്റെ ലക്ഷണങ്ങളായി ചൂണ്ടിക്കാട്ടുന്നു. ദളിത് വോട്ടുകളുടെ മൂന്നിലൊന്ന് മാത്രമാണ് പാർട്ടിക്ക് നേടാനായത്. അതേസമയം, കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പഴയ പെൻഷൻ സ്കീം പോലുള്ള പ്രശ്നങ്ങൾ മുതിർന്ന പൗരന്മാരിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. അഗ്നിവീർ വിഷയവും പേപ്പർ ചോർച്ച തുടങ്ങിയവ യുവാക്കളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം വിഷയങ്ങൾ ഫലപ്രദമായി ഉന്നയിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞു. രാമക്ഷേത്രവും തുണച്ചില്ല. അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ബിജെപി തോറ്റു. വരാണസി ഉൾപ്പെടുന്ന മേഖലകളിലും പാര്‍ട്ടിക്ക് കാലിടറി. യോഗി ആദിത്യനാഥിൻ്റെ ശക്തികേന്ദ്രമായ ഗോരഖ്പൂരിൽ 13ൽ ആറ് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. അവധിൽ 16ൽ ഏഴ് സീറ്റുകൾ മാത്രമാണ് നേടിയത്. ഈ സാഹചര്യത്തില്‍, 10 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ തീരുമാനം.

അതേസമയം, തോൽവിക്ക് പിന്നാലെ ഉത്തർപ്രദേശിൽ സംഘടന തലത്തിൽ നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി രാജി സമർപ്പിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭൂപേന്ദ്ര ചൗധരിയുമായി പ്രധാന സംഘടനാ വിഷയങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തതായാണ് സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com