"സ്വന്തം ജാതി അറിയാത്തവർ ജാതി സെൻസസ് ആവശ്യപ്പെടുന്നു"; പാർലിമെൻ്റിൽ വിവാദ പരാമര്‍ശവുമായി ബിജെപി എംപി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലായിരുന്നു ബിജെപി നേതാവിൻ്റെ വിവാദ പരാമർശം
"സ്വന്തം ജാതി അറിയാത്തവർ ജാതി സെൻസസ് ആവശ്യപ്പെടുന്നു"; പാർലിമെൻ്റിൽ വിവാദ പരാമര്‍ശവുമായി ബിജെപി എംപി
Published on

രാജ്യത്തെ ജാതി സെൻസസ് വിഷയത്തിൽ വിവാദ പരാമർശങ്ങളുയർത്തി ബിജെപി എംപി അനുരാഗ് താക്കൂർ. സ്വന്തം ജാതി അറിയാത്തവർ ജാതി സെൻസസ് ആവശ്യപ്പെടുകയാണെന്നായിരുന്നു അനുരാഗ് താക്കൂറിൻ്റെ പ്രസ്താവന. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലായിരുന്നു ബിജെപി നേതാവിൻ്റെ വിവാദ പരാമർശം.

പേരുകളെടുത്ത് പറയാതെയായിരുന്നു അനുരാഗിൻ്റെ വാക്കുകളെങ്കിലും ഇത് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ വലിയ രീതിയിൽ ചൊടിപ്പിച്ചു. അവശതയനുഭവിക്കുന്നവർക്കുവേണ്ടി പോരാടുന്ന ഏതൊരാളും അപമാനിക്കപ്പെടുന്നുവെന്നും എത്ര അധിക്ഷേപിച്ചാലും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി ഉറപ്പിച്ച് പറഞ്ഞു. ഇത് രാഹുലിന് നേരെയുണ്ടായ വ്യക്തിപരമായ അധിക്ഷേപമാണമെന്ന് പ്രതിപക്ഷനേതാക്കളും വിമർശിച്ചു.

ഈ പാർട്ടിയിൽ(കോൺഗ്രസ്) നിന്നുള്ള രാജകുമാരൻ നമുക്കും അറിവ് തരുമോ ? ആദ്യം പ്രതിപക്ഷമെന്നതിൻ്റെ അർഥമെന്തെന്ന് അദ്ദേഹം മനസ്സിലാക്കണം . ഇത് പ്രതിപക്ഷ നേതാവാണ്, പ്രചരണ നേതാവല്ല. ഒബിസിയെക്കുറിച്ചും ജാതി സെൻസസിനെക്കുറിച്ചും ധാരാളം സംസാരിക്കുന്നത് അദ്ദേഹം അവസാനിപ്പിക്കണമെന്നാണ് പറയാനുള്ളതെന്നും അനുരാഗ് താക്കൂർ പറഞ്ഞു.

കോൺഗ്രസ് നേതാവും തൻ്റെ ജാതി എഴുതേണ്ടി വരുമെന്നായിരുന്നു ട്രഷറി ബെഞ്ചിൽ നിന്നുള്ള ഒരു എംപിയുടെ വാദം. ഇന്നത്തെ കോൺഗ്രസ് ജാതി സെൻസസ് ആവശ്യപ്പെടുമ്പോൾ രാഹുലിൻ്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി ഒബിസി സംവരണത്തെ എതിർത്തിരുന്നുവെന്നും ബിജെപി എംപി പ്രതികരിച്ചു.

"നിങ്ങൾക്ക് എന്നെ എത്ര വേണമെങ്കിലും അപമാനിക്കാം, എല്ലാ ദിവസവും അത് ചെയ്യുക. എന്നാൽ പാർലിമെൻ്റിൽ ബിൽ പാസാക്കണമെങ്കിൽ പ്രതിപക്ഷവും വേണമെന്ന് മറക്കരുത്" രാഹുൽ ഗാന്ധി മറുപടി നൽകി. 

തിങ്കളാഴ്ച ലോക്‌സഭയിൽ സംസാരിക്കവെ ബജറ്റ് നിർമാണത്തിൽ എല്ലാ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തിയില്ലെന്നും വ്യത്യസ്ത പദ്ധതികൾ മുന്നോട്ട് വെച്ചില്ലെന്നും ചൂണ്ടികാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇന്നും സംവരണവിഷയത്തിലുൾപ്പെടെ കോൺഗ്രസ് മോദിസർക്കാരിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ നടത്തി. കോൺഗ്രസിൻ്റെ സഖ്യകക്ഷിയും ഇന്ത്യാ ബ്ലോക്കിൻ്റെ ഭാഗവുമായ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയും താക്കൂറിന് ജാതി പരാമർശങ്ങളുയർത്താൻ സാധിക്കില്ലെന്ന് പറയുകയും ചെയ്തു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com