നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലാണ് ഹരിയാനയിലെ പേരുകേട്ട മധുരപലഹാരമായ 'ഗൊഹാന ജിലേബികൾ' ഇടംപിടിച്ചത്
ഇത്തവണത്തെ ഹരിയാന തെരഞ്ഞെടുപ്പിൽ മുഴങ്ങികേട്ട രണ്ട് വാക്കുകളായിരുന്നു ജാട്ടും ജിലേബിയും. രണ്ടും ഉപയോഗിച്ച് കോൺഗ്രസ് പയറ്റിനോക്കിയെങ്കിലും ഫലം കണ്ടില്ലെന്നാണ് ട്രെൻഡുകൾ വ്യക്തമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലാണ് ഹരിയാനയിലെ പേരുകേട്ട മധുരപലഹാരമായ 'ഗൊഹാന ജിലേബികൾ' ഇടംപിടിച്ചത്. ഗൊഹാന ജിലേബികൾ വൻതോതിൽ ഉത്പാദിപ്പിച്ച് കയറ്റിയയക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തെ ഭരണകക്ഷികൾ ചെറുതായല്ല പരിഹസിച്ചത്. എക്‌സിറ്റ് പോൾ ഫലങ്ങളെയും ആദ്യട്രെൻഡുകളെയും തിരുത്തിയെഴുതിയ ബിജെപി, ഇപ്പോഴിതാ ഗൊഹാന ജിലേബികൾ പങ്കുവെച്ച് പ്രതിപക്ഷത്തോട് 'മധുരപ്രതികാരം' ചെയ്യുകയാണ്.
ഹരിയാന തെരഞ്ഞെടുപ്പിലെ ആദ്യ ട്രെൻഡുകൾ കോൺഗ്രസിന് അനുകൂലമായതിന് പിന്നാലെ തന്നെ പാർട്ടി പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. ഡൽഹിയിലെ കോൺഗ്രസ് ഓഫീസിൽ ജിലേബികൾ വിതരണം ചെയ്തായിരുന്നു ആഘോഷം. എന്നാൽ പിന്നീട് ട്രെൻഡ് മാറിമറിഞ്ഞു. ബിജെപി കടുത്ത മുന്നേറ്റം കാഴ്ച വെക്കാൻ തുടങ്ങി. ഇപ്പോഴിതാ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന പ്രൗഢഗംഭീരമായ ആഘോഷത്തിൽ മധുരം പങ്കുവെക്കാനായി 'ജിലേബികൾ' ഓർഡർ ചെയ്ത് കാത്തിരിക്കുകയാണ് ബിജെപി. മധുരത്തിനായി ജിലേബികൾ തzരഞ്ഞെടുത്ത് കൊണ്ട് കോൺഗ്രസിനും രാഹുലിനും വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകുകയാണ് പാർട്ടി.
ALSO READ: Election Results 2024 Live: കോൺഗ്രസിനെ 'കൈ'വിട്ട് ഹരിയാന, ബിജെപി ഹാട്രിക് ജയത്തിലേക്ക്
ഗൊഹാനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ 'മാതു റാം ഹൽവായി' എന്ന കടയിൽ നിന്നുള്ള ഒരു പെട്ടി ജിലേബികൾ ഉയർത്തിപ്പിടിച്ചാണ് രാഹുൽ ഗാന്ധി വേദിയിലെത്തിയത്. ഈ ജിലേബികൾ രാജ്യത്തുടനീളം വിൽക്കുകയും കയറ്റുമതി ചെയ്യുകയും വേണമെന്നായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
"മതുറാം ജിലേബികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്താൽ, ഒരു ദിവസം 20,000 മുതൽ 50,000 പേർക്ക് ജിലേബി ഫാക്ടറിയിൽ ജോലി ചെയ്യാൻ കഴിയും," മാതു റാമിനെപ്പോലുള്ള വ്യാപാരികൾക്ക് കേന്ദ്രത്തിൻ്റെ നോട്ട് നിരോധനം, ജിഎസ്ടി നീക്കങ്ങൾ എന്നിവ മൂലം വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നെന്നും രാഹുൽ പറഞ്ഞിരുന്നു.
പിന്നാലെ ബിജെപി പരിഹാസവുമായെത്തി. "ഗൊഹാനയിലെ ജിലേബികൾ എനിക്കും ഇഷ്ടമാണ്. ഇപ്പോൾ രാഹുൽ ഗാന്ധി അമേരിക്കയിൽ ഒരു ഫാക്ടറി സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ജിലേബികൾ എങ്ങനെ നിർമിക്കുന്നുവെന്നും, അവ എങ്ങനെ വിൽക്കുന്നുവെന്നും രാഹുൽ ഒന്ന് മനസിലാക്കുന്നത് നല്ലതായിരിക്കും," ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.
അതേസമയം, മാസങ്ങൾക്ക് മുൻപ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലും ഗൊഹാന ജിലേബികൾ ഇടം പിടിച്ചിരുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് പറഞ്ഞ മോദി, മാതുറാമിൻ്റെ ജിലേബിയാണോ പ്രധാനമന്ത്രി സ്ഥാനം എന്നും ചോദിച്ചിരുന്നു.
ALSO READ: ഹരിയാന തെരഞ്ഞെടുപ്പ് ഫലം പുതുക്കി നല്‍കുന്നില്ല, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്
പിടിഐ റിപ്പോർട്ട് അനുസരിച്ച് 1958ഓടെയാണ് മാതുറാം എന്ന വ്യാപാരി ജിലേബികൾ വിൽക്കാൻ തുടങ്ങുന്നത്. പിന്നാലെ ഇത് ഗൊഹാന ജിലേബി എന്ന പേരിൽ പ്രശസ്തമായി. ഇയാളുടെ പേരക്കുട്ടികളായ രമൺ ഗുപ്തയും നീരജ് ഗുപ്തയും ചേർന്നാണ് ഇപ്പോൾ ബിസിനസ് നടത്തുന്നത്. എന്നാൽ കോൺഗ്രസിന് ജിലേബികളിൽ പിടിച്ച് വിജയം നേടാൻ കഴിഞ്ഞില്ലെന്ന് തന്നെയാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.