ധാക്കയിലെ അഡബോർ പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസിൽ, ഷാക്കിബ് 28ാം പ്രതിയും, പ്രശസ്ത ബംഗ്ലാദേശി നടൻ ഫിർദൂസ് അഹമ്മദ് 55ാം പ്രതിയുമാണ്
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടറും മുൻ നായകനുമായി ഷാക്കിബ് അൽ ഹസനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി റിപ്പോർട്ട്. ബംഗ്ലാദേശിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ ഓഗസ്റ്റ് 7ന് മകൻ റൂബൽ കൊല്ലപ്പെട്ട സംഭവത്തിൽ റഫീഖുൽ ഇസ്‌ലാമാണ് കേസ് ഫയൽ ചെയ്തതെന്നാണ് റിപ്പോർട്ട്. ധാക്ക ട്രിബ്യൂണാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
അഡബോറിലെ റിംഗ് റോഡിൽ നടന്ന സർക്കാർ വിരുദ്ധ റാലിയിൽ പങ്കെടുക്കവെ നെഞ്ചിലും വയറിലും വെടിയേറ്റാണ് റൂബലിന് ഗുരുതരമായി പരിക്കേറ്റതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓഗസ്റ്റ് 7ന് മരിച്ചിരുന്നു.
ധാക്കയിലെ അഡബോർ പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസിൽ, ഷാക്കിബ് 28ാം പ്രതിയും, പ്രശസ്ത ബംഗ്ലാദേശി നടൻ ഫിർദൂസ് അഹമ്മദ് 55ാം പ്രതിയുമാണ്. ഇരുവരും പാർലമെൻ്റിലെ മുൻ അവാമി ലീഗ് എംപിമാരായിരുന്നു. 154 പേർക്കൊപ്പം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഈ കേസിൽ പ്രതിയാണ്. അജ്ഞാതരായ 400-500ഓളം പേർ ഈ കേസിൽ പ്രതികളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
READ MORE: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തലപ്പത്തേക്ക് ഇന്ത്യക്കാരൻ? ജയ് ഷാ അധ്യക്ഷനായേക്കുമെന്ന് സൂചന
അതേസമയം, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്ത സഖ്യകക്ഷിയായ നസ്മുൽ ഹസൻ്റെ രാജിയെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) മുൻ ക്യാപ്റ്റൻ ഫാറൂഖ് അഹമ്മദിനെ ബുധനാഴ്ച പ്രസിഡൻ്റായി നിയമിതനായി. ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത് കായിക മന്ത്രിയായും സേവനമനുഷ്ഠിച്ച നസ്മുൽ രാജിവെക്കാൻ ബിസിബിക്ക് കത്തെഴുതിയതായി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നിസാമുദീൻ ചൗധരി എഎഫ്‌പിയോട് പറഞ്ഞു.