ഇരിട്ടി വിളക്കോട് സ്വദേശിയായ സഫീറിനെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്
അധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ കണ്ണൂർ ഇരിട്ടി സ്വദേശി എൻഐഎ കസ്റ്റഡിയിൽ. ഇരിട്ടി വിളക്കോട് സ്വദേശിയായ സഫീറിനെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി സവാദിന് ഒളിത്താവളമൊരുക്കിയത് സഫീറാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. തലശ്ശേരി കോടതി പരിസരത്ത് നിന്നുമാണ് സഫീർ പിടിയിലായത്.
കേസിൽ പതിമൂന്ന് വർഷം ഒളിവിലായിരുന്ന പെരുമ്പാവൂർ സ്വദേശി സവാദ് കഴിഞ്ഞ ജനുവരിയിലാണ് കണ്ണൂർ മട്ടന്നൂരിൽ നിന്ന് അറസ്റ്റിലായത്. തുടർന്ന് ഒളിവിൽ കഴിയാൻ സഹായിച്ചത് ആരൊക്കെയെന്ന് കണ്ടെത്താനായി സവാദിനെ കസ്റ്റഡിയിൽ വേണമെന്ന വാദം ശരിവച്ച് കോടതി സവാദിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു.
ALSO READ: പോക്സോ കേസ് പ്രതിക്ക് 27 വർഷം തടവ് വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി
2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയത്. ചോദ്യപേപ്പർ വിവാദത്തെ തുടർന്നാണ് ആക്രമണം. വാനിലെത്തിയ ആറംഗ സംഘമാണ് അധ്യാപകനെ ആക്രമിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 13ന് കേസിലെ മറ്റു പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേര്‍ക്കാണ് അന്ന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.