പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. പരസ്പര സമ്മതത്തോടെ പെണ്കട്ടിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് സഹപാഠി പൊലീസിന് മൊഴി നല്‍കിയിരുന്നു. പതിനെട്ട് വയസും ആറ് മാസവുമാണ് സഹപാഠിയുടെ പ്രായം. പ്രായപൂര്‍ത്തിയായെന്ന് സ്ഥിരീകരിച്ചതോടെയാണ് മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചത്. ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22 നാണ് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പച്ചത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യനില മോശമായത് ആത്മഹത്യാശ്രമത്തിന് പിന്നാലെയാണെന്നാണ് പൊലീസിന്റെ നിഗമനം. അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
ഇതോടെ, പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തി പൊലീസ് കേസെടുത്തു. ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയും നടക്കും. ഇതിനായി സഹപാഠിയുടെ രക്തസാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതെന്നും പനി ബാധിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)