മനഃശാസ്ത്ര പരിശോധനയ്ക്ക് സി.ബി.ഐക്ക് കോടതിയുടെ അനുമതി ആവശ്യമില്ല
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതക കേസിലെ പ്രതിയുടെ മനഃശാസ്ത്ര പരിശോധന ആരംഭിച്ചു. സിബിഐയുടെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (സിഎഫ്എസ്എൽ) അഞ്ചംഗ വിദഗ്ധ സംഘമാണ് പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. മനഃശാസ്ത്ര പരിശോധനയ്ക്ക് സി.ബി.ഐക്ക് കോടതിയുടെ അനുമതി ആവശ്യമില്ല. എന്നാൽ അതിന് ശേഷമുള്ള പ്രതികളുടെ ബ്രെയിൻ മാപ്പിംഗ്, നുണപരിശോധന, നാർക്കോ അനാലിസിസ് തുടങ്ങിയ മറ്റ് പരിശോധനകൾ കോടതിയുടെ അനുമതിയോടെ നടത്താവുന്നതാണ്.
പശ്ചിമ ബംഗാളിലെ ആർ.ജി. കർ മെഡിക്കൽ കോളേജിലാണ് 31 വയസ്സുകാരിയായ പി ജി വിദ്യാർഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. അർദ്ധനഗ്നയായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലുണ്ടായിരുന്ന സിവിക് പൊലീസ് വോളന്റിയർ സഞ്ജയ് റോയിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് സഹായമായത്. അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതിയായ സഞ്ജയ് റോയിലേക്ക് എത്തിപെടുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് സംഭവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവരെ വിളിച്ച് ചേർത്ത് എല്ലാവരുടെയും ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്ത് പരിശോധിച്ചു.
ഈ സമയം റോയിയുടെ ഫോണുമായി ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണക്ടായി. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64 (ബലാത്സംഗം), 103 (കൊലപാതകം) എന്നിവ പ്രകാരം കുറ്റാരോപിതനായ ഇയാളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തെ കുറിച്ച് കൂടുതൽ പറയാനാകൂ എന്നാണ് പൊലീസ് അറിയിച്ചത്. കുറ്റകൃത്യത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ALSO READ: അക്രമ സംഭവങ്ങൾക്ക് സാധ്യത: കൊൽക്കത്ത നഗരത്തിൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വനിതാ ഡോക്ടർ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവവും, മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് പറയുന്നു. കണ്ണുകളിൽ നിന്നും വായിൽ നിന്നും രക്തം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. മുഖത്തും, നഖങ്ങളിലും മുറിവുകളും ഉണ്ട്. വയർ, ഇടതുകാൽ, കഴുത്ത്, വലതുകൈ, ചുണ്ട്, മോതിര വിരൽ എന്നീ ഭാഗങ്ങളിൽ പരുക്കുമുണ്ട്. കഴുത്തിലെ എല്ലൊടിഞ്ഞതിനാൽ ശ്വാസം മുട്ടിയാണ് മരണം എന്നാണ് കൊൽക്കത്ത പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്.