സം'പൂജ്യം'; കേന്ദ്ര ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണ അവഗണന

കേരളത്തിൻ്റെ പേര് ഒരു തവണ പോലും പരാമർശിക്കാതെയാണ് ബജറ്റ് അവതരണം നടന്നത്
സം'പൂജ്യം'; കേന്ദ്ര ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണ അവഗണന
Published on

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ കേരളത്തിന് സമ്പൂർണ അവഗണന. കേരളത്തിൻ്റെ പേര് ഒരു തവണ പോലും പരാമർശിക്കാതെയാണ് ബജറ്റ് അവതരണം നടന്നത്. 24,000 കോടിയുടെ പ്രത്യേക പാക്കേജ്, വിഴിഞ്ഞത്തിന് 5,000 കോടിയുടെ പാക്കേജ് എന്നിങ്ങനെ കൃത്യമായ ആവശ്യങ്ങളായിരുന്നു സംസ്ഥാനം ഉന്നയിച്ചിരുന്നത്.

ബജറ്റ് അവതരണത്തിൽ ഒരു തവണ പോലും കേരളത്തിൻ്റെ പേര് പരാമർശിച്ചില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തിൻ്റെ ആവശ്യങ്ങളൊന്നും കേന്ദ്രം മുഖവിലക്കെടുത്തില്ലെന്നതാണ് ഇപ്പോൾ വ്യക്തമാവുന്നത്. റെയിൽവേ വികസനത്തിന് കേന്ദ്രത്തിൽ നിന്ന് കാര്യമായ സഹായം ലഭിച്ചില്ലെന്ന കേരളത്തിൻ്റെ പരാതിയും കേന്ദ്രം ഇത്തവണ പരിഗണിച്ചില്ല. തെരഞ്ഞെടുപ്പാനന്തരം സംസ്ഥാനങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്രത്തെ പിന്തിരിപ്പിക്കാന്‍ പ്രതിപക്ഷ പിന്തുണ സഹായമാകും എന്ന കേരളത്തിന്‍റെ വിശ്വാസവും ഇതോടെ തകർന്നിരിക്കുകയാണ്. പ്രതിപക്ഷ പിന്തുണയുണ്ടാവുമെന്നതിൽ യുഡിഎഫ് എംപിമാരുടെ ഉറപ്പ് സംസ്ഥാന സർക്കാർ നേടിയിരുന്നു. എന്നാൽ സംസ്ഥാനത്ത് നിന്നും രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടുപോലും വേണ്ട പരിഗണന ലഭിച്ചെല്ലെന്നത് ശ്രദ്ധേയമാണ്.

എയിംസ് മുതൽ കെ റെയില്‍ വരെ നീളുന്ന ആവശ്യങ്ങളാണ് സംസ്ഥാനത്തിനുണ്ടായിരുന്നത്. 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി 5000 കോടി രൂപ, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കത്തിനായി 5000 കോടി, റെയിൽവേ നവീകരണം, റബ്ബറിൻ്റെ താങ്ങുവിലയില്‍ പരിഷ്കരണം, തൊഴിലവസരങ്ങൾ വർധിപ്പിക്കാന്‍ പദ്ധതിയാവിഷ്കരണം, പരമ്പരാഗത മേഖലയുടെ നവീകരണം, കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ മൂന്നര ശതമാനമാക്കി ഉയര്‍ത്തുക, കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍വര്‍ഷങ്ങളിലെടുത്ത വായ്പ ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും കടപരിധിയില്‍ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ വിഹിതം ഉയര്‍ത്തുക, കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ നീളുന്ന ആവശ്യങ്ങളുടെ പട്ടികയായിരുന്നു കേരളം അവതരിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com