മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും
ചൂരൽമല ദുരന്തത്തെ തുടർന്ന് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി സംഘം ഇന്ന് വയനാട് സന്ദർശിക്കും. ദുരന്താനന്തര പുനർനിർമാണത്തിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം നടത്തുന്നത്. 17 വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ദുരന്തഭൂമി സന്ദർശിക്കുന്നത്. ഈ മാസം 31 വരെ വിവിധ മേഖലകൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി അന്തിമ റിപ്പോർട്ട് ദേശീയ ദുരന്തനിവാരണ അതോറിറ്റി ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നലെയാണ് പുനരാരംഭിച്ചത്. കാണാതായവരുടെ ബന്ധുക്കൾ ആവശ്യം ഉന്നയിച്ചതോടെയാണ് തെരച്ചിൽ പുനരാരംഭിക്കാൻ തീരുമാനം ആയത്. ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയിലാണ് ഇന്നലെ പ്രത്യേക തെരച്ചില്‍ നടത്തിയത്.
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമ മേഖല പ്രതിസന്ധിയിൽ, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ഇന്നലെ നടത്തിയ തെരച്ചിലിൽ ആറ് ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അസ്ഥി ഭാഗങ്ങളും, മുടിയും ഉൾപ്പെടെയുള്ളവയാണ് ലഭിച്ചത്. ഡിഎൻഎ പരിശോധന നടത്തി മൃതദേഹം ആരുടെതെന്ന് സ്ഥിരീകരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ശരീര ഭാഗങ്ങൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും.