മുഖ്യമന്ത്രി പദം മോഹിച്ച് ബിജെപിയിലെത്തിയ ചംപയ് സോറന്, തൻ്റെ മണ്ഡലമായ സെറൈകെല്ലയിൽ വിജയിക്കാൻ സാധിച്ചെങ്കിലും ജെഎംഎമ്മിൻ്റെ വമ്പൻ ജയമുണ്ടാക്കിയ ക്ഷീണം ചെറുതല്ല
'പാർട്ടിയുടെ സമീപനത്തിൽ ഞാൻ തകർന്നു പോയി, ഇനി എന്റെ മുന്നിൽ മൂന്ന് വഴികളാണുള്ളത്. ഒന്ന്, രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുക, രണ്ട്, മറ്റൊരു സംഘടന ഉണ്ടാക്കുക, മൂന്ന്, ഒരു പങ്കാളിയെ ലഭിക്കുകയാണെങ്കിൽ അവർക്കൊപ്പം യാത്ര തുടരുക’
ഹേമന്ത് സോറൻ്റെ ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം) വിട്ട മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ എക്സിൽ കുറിച്ച വരികളാണിത്. ഏറ്റവുമൊടുവിൽ ചംപയ് സോറൻ ആ വഴി തന്നെ തിരഞ്ഞെടുത്തു, അദ്ദേഹം ബിജെപിക്കൊപ്പം യാത്ര തുടരാൻ തീരുമാനിച്ചു. ജാർഖണ്ഡ് തെരഞ്ഞെടുപ്പിലെ ഗോത്ര വോട്ട് ബാങ്ക് തന്നെയായിരുന്നു ചംപയ് സോറൻ്റെ പ്രവേശനത്തിലൂടെ ബിജെപി ലക്ഷ്യം വെച്ചതും. എന്നാൽ ബിജെപി പദ്ധതികളെല്ലാം മലക്കം മറിഞ്ഞു. ഹേമന്ത് സോറൻ്റെ ജാർഖണ്ഡ് മുക്തി മോർച്ച വമ്പൻ വിജയം നേടി. മുഖ്യമന്ത്രി പദം മോഹിച്ച് ബിജെപിയിലെത്തിയ ചംപയ് സോറന്, തൻ്റെ മണ്ഡലമായ സെറൈകെല്ലയിൽ വിജയിച്ച് തൃപ്തിപെടേണ്ടി വന്നു.
ജാർഖണ്ഡിൽ ആകെയുള്ള 81 സീറ്റുകളിൽ 34 സീറ്റ് ജെഎംഎം നേടിയപ്പോൾ സഖ്യകക്ഷിയായ കോൺഗ്രസ് നേടിയത് 16 സീറ്റുകളാണ്. ഭരണവിരുദ്ധ വികാരം, കുടിയേറ്റ പ്രശ്നങ്ങൾ എന്നിവ വെച്ച് വോട്ട് മറിക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് നേടാനായത് 21 സീറ്റ് മാത്രം. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചെങ്കിൽ പോലും ഷിബു സോറൻ എന്ന ജെഎംഎം നേതാവിൻ്റെ സ്വാധീനം, ഗോത്രവർഗങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ടെന്നതിൻ്റെ വ്യക്തമായ തെളിവ് തന്നെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
ജെഎംഎമ്മിൻ്റെ കടുവ ബിജെപിയിലേക്ക്
കോൽഹാൻ കടുവ എന്നായിരുന്നു ചംപയ് സോറൻ അറിയപ്പെട്ടിരുന്നത്. ജാർഖണ്ഡിൻ്റെ പ്രത്യേക സംസ്ഥാന പദവിക്ക് വേണ്ടിയുള്ള സമരത്തിൽ മുൻനിരയിൽ നിന്ന് നയിച്ചതോടെയാണ് കോൽഹാൻ കടുവയെന്ന പേര് സോറന് ലഭിക്കുന്നത്. ഗോത്ര വർഗത്തിൻ്റെ പൾസറിഞ്ഞ ചംപയ്, ഏഴ് തവണ സെറൈകെല്ല മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി. രാഷ്ട്രീയ വേഷങ്ങൾക്കപ്പുറം, ജംഷഡ്പൂർ, ആദിത്യപൂർ തുടങ്ങിയ വ്യാവസായിക നഗരങ്ങളിലെ പല തൊഴിലാളി സമരങ്ങൾക്കും നേതൃത്വം നൽകിയ ചംപയ്, ട്രേഡ് യൂണിയനുകളിലും സജീവ സാന്നിധ്യമായിരുന്നു.
ജെഎംഎം സ്ഥാപകൻ ഷിബു സോറന്റെയും മകന്‍ ഹേമന്ത് സോറന്റെയും വിശ്വസ്തനായിരുന്നു ചംപയ്. എന്നാൽ കൃഷിയിൽ വേരൂന്നിയ കുടുംബ പശ്ചാത്തലമുള്ള ചംപയ് സോറന്, ഹേമന്ത് സോറൻ കുടുംബവുമായി രക്തബന്ധമൊന്നുമില്ല. സ്വതന്ത്രനായായിരുന്നു ചംപയ് സോറൻ്റെ രാഷ്ട്രീയ പ്രവേശം. പിന്നാലെ അദ്ദേഹം ഷിബു സോറൻ്റെ ജെഎംഎമ്മിൽ ചേർന്നു. തൻ്റെ മുൻഗാമിയായ ഹേമന്ത് സോറൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ചംപയ് സോറൻ, 2024 ഫെബ്രുവരി 2 ന് ജാർഖണ്ഡിൻ്റെ 12-ാമത്തെ മുഖ്യമന്ത്രിയെന്ന പദവിയേലേക്കുയർന്നു.
എന്നാൽ ജാമ്യത്തിലെത്തിയ ഹേമന്ത് സോറൻ ആ പദവി തിരികെ ആവശ്യപ്പെട്ടു. ജാമ്യത്തിന് പിന്നാലെ മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്ന ചംപയ് സോറന്, പാർട്ടിയിൽ തനിക്ക് വേണ്ട വില ലഭിക്കുന്നില്ലെന്ന തോന്നലുണ്ടായി. ഇതോടെ രാഷ്ട്രീയത്തിലെ പ്രധാന വഴിത്തിരിവിന് ജാർഖണ്ഡ് സാക്ഷിയായി. ചംപയ് ജെഎംഎം വിട്ടു, ബിജെപിയിൽ ചേർന്നു. ചംപയ് സോറൻ എത്തിയത് കോൽഹാൻ പ്രദേശത്തുൾപ്പെടെ ബിജെപിക്ക് ശക്തി കൂട്ടുമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ടായിരുന്നു.
ബിജെപിയുടെ ഗോത്ര വോട്ട് ബാങ്ക്
'പാൻ സ്റ്റേറ്റ് അപ്പീലുള്ള ഏക ഗോത്രവർഗ നേതാവാണ് ചംപയ്' ബിജെപിയുടെ ജാർഖണ്ഡ് വക്താവ് പ്രതുൽ ഷാ ദിയോ ദേശീയ മാധ്യമമായ കാരവാനോട് പറഞ്ഞു. ജാർഖണ്ഡ് തെരഞ്ഞെടുപ്പിൻ്റെ പ്രധാനഘടകമായ ഗോത്ര വോട്ടുകൾ, ഇക്കുറി ചംപയ് സോറനെ വെച്ച് നേടമെന്ന പദ്ധതിയാണ് ബിജെപിക്കുണ്ടായിരുന്നത്.
താൻ ആറ് മാസമായി ചംപയ് സോറനെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നെന്നാണ് അസം മുഖ്യമന്ത്രിയും ബിജെപിയുടെ ജാർഖണ്ഡ് തെരഞ്ഞെടുപ്പിൻ്റെ ഇൻചാർജുമായ ഹിമന്ത ബിശ്വ ശർമ പറഞ്ഞത്. ഇരുവരും തമ്മിലുണ്ടായിരുന്ന സംസാരത്തെ കുറിച്ച് ജെഎംഎമ്മിന് അറിയാമായിരുന്നെന്നും, ഇതാണ് ചംപയ് സോറനെ പദവിയിൽ നിന്ന് ഒഴിവാക്കിയതിനുള്ള മറ്റൊരു കാരണമെന്നും പ്രാദേശിക വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു.
ALSO READ: വിഭജന തന്ത്രം വിലപ്പോയില്ല; ബിജെപിയെ തഴഞ്ഞ് ഗോത്രഭൂമി; ജാർഖണ്ഡ് ജനത 'ഇന്ത്യ'യ്ക്കൊപ്പം
ഗോത്ര വർഗത്തിൻ്റെ രക്ഷയെ ചൂണ്ടിക്കാട്ടി തന്നെയായിരുന്നു ചംപയ് സോറന്റെ ബിജെപി പ്രവേശനം. സംസ്ഥാനത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ ബംഗ്ലാദേശ് മുസ്ലീങ്ങൾ നുഴഞ്ഞുകയറുന്നെന്നും, ഇത് ഗോത്ര വർഗങ്ങൾക്ക് അപകടമാണെന്നുമായിരുന്നു ചംപയ് സോറൻ്റെയും ബിജെപിയുടേയും വാദം. ഈ രാഷ്ട്രീയയുധമുപയോഗിച്ച് ഗോത്ര വോട്ട് ബാങ്കുകൾ കൈക്കലാക്കമെന്ന വ്യക്തമായ ലക്ഷ്യവും ചംപയ് സോറനുണ്ടായിരുന്നു.
കിഴക്കൻ ഭാഗങ്ങളിൽ ബംഗ്ലാദേശ് മുസ്ലീങ്ങൾ നുഴഞ്ഞു കയറുന്നുവെന്ന ആരോപണമായിരുന്നു ബിജെപിയുടെ പ്രധാന ആയുധം. മുസ്ലീങ്ങൾ നുഴഞ്ഞുകയറ്റക്കാരെന്നായിരുന്നു ബിജെപി വിശേഷണം. ചില മേഖലകളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെയും,ബിജെപി ആരോപണങ്ങളുയർത്തി. എന്നാൽ ഹരിയാന മോഡൽ പയറ്റി വോട്ട് നേടാമെന്ന ബിജെപി തന്ത്രം പാളുകയായിരുന്നു.
ചംപയ് സോറൻ്റെ ഭാവി ഇനിയെന്ത്
ബിജെപി വിജയിക്കുകയാണെങ്കിൽ ഒരു മുഖ്യമന്ത്രി പദം തനിക്ക് ലഭിക്കുമെന്ന് ചംപയ് വിശ്വസിച്ചിരുന്നു. ബിജെപി നേതാക്കളായ ബാബുലാൽ മറാണ്ടിയെയും രഘുബർ ദാസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അനുകൂലിച്ചപ്പോൾ, ഹിമന്ത ബിശ്വ ശർമ ചംപയ് സോറനെയാണ് നിർദേശിച്ചത്. ഹിമന്ത ബിശ്വ ശർമയുടെ ഈ പ്രോത്സാഹനങ്ങളെ തച്ചുടച്ചിരിക്കുകയാണ് ഹേമന്ത് സോറൻ്റെ ജെഎംഎം.
ജനവിധി മാനിക്കുന്നെന്ന് മാത്രമായിരുന്നു തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ചംപയ് സോറൻ്റെ പ്രതികരണം. ജാർഖണ്ഡ് നിയമസഭയിലെ പ്രതിപക്ഷത്തിരുന്നുകൊണ്ടായിരിക്കും ഇനി ജാർഖണ്ഡ് കടുവയുടെ ഗർജനം. സ്ഥാനം മോഹിച്ച് ബിജെപിയിലെത്തിയ ചംപയ്, ഇനി ജെഎംഎമ്മിലേക്ക് തിരിച്ച് പോകില്ലെന്നതിൽ സംശയമില്ല. എന്നാൽ ചർച്ചകൾക്കൊടുവിൽ ചംപയ് സോറനെ പാർട്ടിയിലെത്തിച്ച ബിജെപി ഇനി ചംപയ് സോറന് എന്ത് പദവി നൽകുമെന്ന ചോദ്യമാണ് ഉയരുന്നത്.
ബാബുലാൽ മറാണ്ടി, അർജുൻ മുണ്ട എന്നീ പഴയ ഗോത്ര മുഖങ്ങൾ കണ്ട് ജനങ്ങൾക്ക് മടുത്തു, ഇനി പുതിയ നേതാക്കൾ വേണം. പരാജയത്തിന് ശേഷം മുതിർന്ന ബിജെപി നേതാവ് പറഞ്ഞ വാക്കുകളാണിത്. പുതിയ എന്നാൽ പഴയ ബിജെപി ഗോത്ര നേതൃ മുഖത്തിന് ചംപയ് സോറനോളം പോന്ന നേതാക്കൾ ബിജെപിയിലില്ല. ബിജെപിയുടെ ജാർഖണ്ഡ് നേതൃമുഖത്തേക്ക് ചംപയ് സോറൻ എത്തുമെന്ന സാധ്യതയും തള്ളികളയാനാവില്ല.