സംഘപരിവാർ കശ്മീരിനോട് ചെയ്തതുപോലെ, ഇവിടത്തെ എഡിജിപി മലപ്പുറത്ത് കേസുകൾ എടുക്കുന്നു
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായ സംഭവത്തിൽ ഭരണത്തലവനും സംഘപരിവാറിന്റെ തലവനും ഒരേ ആളാണോ എന്ന് തോന്നിപ്പിച്ചുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. മുഖ്യമന്ത്രിയുടെ വ്യക്തിഗത പ്രതിസന്ധികൾ മറികടക്കുന്നതിന് ആർഎസ്എസിന്റെ വക്താക്കളായി മുഖ്യമന്ത്രിയും ഇടതുപക്ഷവും മാറുന്നു. അൻവർ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത് പിതൃതുല്യൻ എന്നാണ്. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് ആർഎസ്എസുകാർ സംസാരിച്ചത് പോലെയാണെെന്നും. അതിൽ മലപ്പുറവും മതന്യൂനപക്ഷവും എന്ത് പങ്ക് വഹിച്ചു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അഷ്റഫ് മൗലവി പറഞ്ഞു.
സംഘപരിവാർ കശ്മീരിനോട് ചെയ്തതുപോലെ, ഇവിടത്തെ എഡിജിപി മലപ്പുറത്ത് കേസുകൾ എടുക്കുന്നു. മലപ്പുറം ജില്ല ഭീകരവാദത്തിന്റെ കേന്ദ്രമാണ് എന്ന് മുഖ്യമന്ത്രി പറയുന്നു. അത് ആർഎസ്എസ് നേതാക്കൾ സ്വാഗതം ചെയ്യുന്നു. ഇന്നലെ എറണാകുളത്ത് ചേർന്ന ആർഎസ്എസ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത് അജണ്ട ആയി എടുക്കാൻ തീരുമാനിച്ചു. ഇത് വോട്ടുബാങ്ക് നിലനിർത്താനുള്ള അജണ്ടയാണ്. ബുഷിനു വേണ്ടിയും സദ്ദം ഹുസൈന് വേണ്ടിയും ഒരുപോലെ ഫ്ലക്സ് അടിച്ച മാർക്സിസ്റ്റുകാരുടെ വോട്ട് ബാങ്ക് നിലനിർത്താൻ വേണ്ടിയുള്ള വൃത്തികെട്ട രാഷ്ട്രീയമാണെന്നും മൗലവി ആരോപിച്ചു.
കേന്ദ്ര ഏജൻസികൾ ആർഎസ്എസിന്റെ ടൂൾ ആണ്. അതേ കേന്ദ്ര ഏജൻസികളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് മുഖ്യമന്ത്രി കാര്യങ്ങൾ നടത്തുന്നു. ബിജെപിയുടെ നേതാക്കൾക്കെതിരെ കുഴൽപ്പണ കേസ് നടന്നിട്ടില്ലേ? ആ കേസുകൾ ഒന്നും ഇപ്പോൾ നിലനിൽക്കുന്നില്ല. പിണറായി വിജയൻ ഒരു കാലത്ത് നട്ടെല്ലുള്ള നേതാവായിരുന്നുവെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
ALSO READ: കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രസിഡൻ്റടക്കം അറസ്റ്റിൽ
"സ്വർണ്ണ കടത്ത് ഉണ്ടെങ്കിൽ അത് അന്വേഷിക്കണം, പരിഹരിക്കാനാവാത്ത പ്രത്യാഘാതം ആണ് മുഖ്യമന്ത്രി വരുത്തിവെച്ചത്. മതദ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാമെന്ന് പിണറായി കരുതേണ്ട. മുഖ്യമന്ത്രി പറഞ്ഞ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട കണക്കിൽ അവിശ്വാസം ഇല്ല. അൻവറിന് മറുപടി ആയിട്ടായിരുന്നില്ല മുഖ്യമന്ത്രി അത് പറയേണ്ടിയിരുന്നത്. ഇതിന് കേരളം വലിയ വില നൽകേണ്ടിവരും. പിണറായി വിജയൻ ഹിന്ദുവിനു അഭിമുഖം നൽകി. മലയാള മാധ്യമങ്ങളോട് സംവദിച്ചില്ലല്ലോ. മുഖ്യമന്ത്രിയുടെ രീതികളിൽ ഒരു ഹിഡൺ അജണ്ടയുണ്ട്," അഷ്റഫ് മൗലവി പറഞ്ഞു.
പൂരം കലക്കൽ വിവാദത്തിൽ സുരേഷ് ഗോപിക്ക് ആംബുലൻസ് സൗകര്യം ഒരുക്കിക്കൊടുത്തത് ആരാണെന്ന് അഷ്റഫ് മൗലവി ചോദിച്ചു. മതം നോക്കി കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഈ നിലപാട് ഫാസിസം ആണ്. പിണറായിയെ തിരുത്താൻ പാർട്ടി തയ്യാറാവണമെന്നും അഷ്റഫ് മൗലവി കൂട്ടിച്ചേർത്തു.