സ്ഥാനാർഥികളുടെ സെൽ ഫോണുകൾ ഉൾപ്പെടെ ചോർത്തിയതായാണ് റിപ്പോർട്ടുകൾ
നവംബർ അഞ്ചിന് നടക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൈനീസ് ഹാക്കർമാർ യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളുടെ ഫോൺ ചോർത്തുന്നതായി ആരോപണം. ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥി കമല ഹാരിസ്, റിപ്പബ്ലിക്ക് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി ജെ.ഡി വാൻസ് എന്നിവരുടെ ഫോണുകളാണ് ചോർത്തുന്നുവെന്ന ആരോപണമുയർന്നത്.
സ്ഥാനാർഥികളുടെ സെൽ ഫോണുകൾ ഉൾപ്പെടെ ചോർത്തിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ട്രംപിൻ്റെയും വാൻസിൻ്റെയും ഫോൺ ചോർത്തപ്പെട്ടിട്ടുണ്ടോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ALSO READ: യുഎസ് പ്രസിഡന്‍റിനെ നിർണയിക്കുന്ന ഇലക്ട്രല്‍ കോളേജ് പ്രവർത്തിക്കുന്നത് എങ്ങനെ?
എന്നാൽ, സൈബർ ആക്രമണങ്ങളെയും സൈബർ കുറ്റകൃത്യങ്ങളെയും ചൈന എല്ലാ വിധത്തിലും എതിർക്കുകയും ചെറുക്കുകയും ചെയ്യുന്നുവെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി പറഞ്ഞു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അമേരിക്കയുടെ ആഭ്യന്തര വിഷയമാണെന്നും, ചൈനയ്ക്ക് അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും ചൈനീസ് എംബസി അറിയിച്ചു.
ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഈ വർഷം നേരത്തെയും ചോർത്തിയിരുന്നു. തുടർന്ന്, ഇറാൻ റെവലൂഷണറി ഗാർഡ് കോർപ്സിലെ മൂന്ന് അംഗങ്ങളെ യുഎസ് ജസ്റ്റിസ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഏതെങ്കിലും ഡാറ്റ ചോർത്തപ്പെട്ടിട്ടുണ്ടോെയെന്നും, യുഎസ് ഗവൺമെൻ്റിലെ മറ്റ് വ്യക്തികളെ ഇത്തരത്തിൽ ലക്ഷ്യമിട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം തുടരുകയാണ്.
ALSO READ: ജനങ്ങളെ കൈയിലെടുക്കാൻ പുതിയ വേഷം: മക്ഡൊണാൾഡ്സിൽ ഫ്രൈസ് ഉണ്ടാക്കി ട്രംപ്
തെരഞ്ഞെടുപ്പിന് വെറും 11 ദിവസങ്ങൾ മാത്രം ശേഷിക്കെ, അമേരിക്കയിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക്, റിപ്പബ്ലിക്ക് സ്ഥാനാർഥികൾ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെക്കുമെന്നാണ് വിലയിരുത്തൽ. ഗ്രാമി അവാർഡ് ജേതാവായ ബിയോൺസെ കഴിഞ്ഞ ദിവസം കമല ഹാരിസിൻ്റെ പ്രചരണത്തിൽ സജീവമായത് വലിയ ശ്രദ്ധ നേടിയിരുന്നു. അമേരിക്കയ്ക്ക് ഒരു പുതിയ ഗാനം ആലപിക്കാനുള്ള സമയമായെന്ന് പറഞ്ഞുകൊണ്ടാണ് ബിയോൺസെ, ഹാരിസ് പ്രചരണത്തിൻ്റെ ഭാഗമായത്.
ഒരു താരമായല്ല പ്രചാരണത്തിൽ പങ്കെടുക്കുന്നതെന്നും, ലോകത്തെ പറ്റി ഉത്കണ്ഠയുള്ള ഒരു അമ്മയായി ആണെന്നും, നമ്മുടെ ശരീരത്തിൽ നമുക്ക് സ്യാതന്ത്ര്യമുള്ള ലോകം പ്രത്യാശിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പോളിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും, ഇതൊരു ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും കമല ഹാരിസ് റാലിയിൽ അറിയിച്ചു.