"ചൂരൽമലയിൽ പുനരധിവാസം കമ്മ്യൂണിറ്റി ലിവിംഗ് മാതൃകയിലാകണം, ദുരിതബാധിതരുടെ ലോണുകൾ എഴുതിത്തള്ളണം"

ഏതു സമയത്തും പ്രകൃതി ദുരന്തം സംഭവിക്കാമെന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ. അതിനാൽ സമഗ്രമായ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണം
"ചൂരൽമലയിൽ പുനരധിവാസം കമ്മ്യൂണിറ്റി ലിവിംഗ് മാതൃകയിലാകണം, ദുരിതബാധിതരുടെ ലോണുകൾ  എഴുതിത്തള്ളണം"
Published on

ചൂരൽമല-മുണ്ടെക്കൈ ദുരന്തബാധിതരുടെ പുനരധിവാസം കമ്മ്യൂണിറ്റി ലിവിംഗ് മാതൃകയിൽ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അപകടകരമായ രീതിയിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിക്കണമെന്നും സതീശൻ പറഞ്ഞു.

"കാർഷിക, വാഹന, വിദ്യാഭ്യാസ ലോണുകളുൾപ്പെടെ എല്ലാ ലോണുകളുടെയും തിരിച്ചടവ് ഒഴിവാക്കണം. മൈക്രോ ലെവൽ ഫാമിലി പാക്കേജ് വേണം നടപ്പിലാക്കേണ്ടത്. ഏതു സമയത്തും പ്രകൃതി ദുരന്തം സംഭവിക്കാമെന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ. അതിനാൽ സമഗ്രമായ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണം. പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിൻ്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കും," വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം, കോഴിക്കോട് വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചതായും അദ്ദേഹം പറഞ്ഞു. മഹാദുരന്തത്തിൻ്റെ ആഘാതത്തിൽ വിലങ്ങാടിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും പുറത്തറിഞ്ഞതിനേക്കാള്‍ വലിയ ദുരന്തമാണ് അവിടെ ഉണ്ടായതെന്നും സതീശൻ കൂട്ടിച്ചേർത്തു.

വയനാട്ടിലേത് ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് നേരത്തെ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം തേടിയുള്ള നിവേദനം സംസ്ഥാന സർക്കാർ ഉടൻ സമർപ്പിക്കും. അന്തിമ അവലോകന റിപ്പോർട്ട് തയാറാക്കാൻ ചീഫ് സെക്രട്ടറി വി. വേണുവിനാണ് ഏകോപന ചുമതല നൽകിയിരിക്കുന്നത്. റിപ്പോർട്ട് തയ്യാറായാൽ മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരത്തോടെ കേന്ദ്രത്തിന് നൽകും.

ആകെയുള്ള നഷ്ടക്കണക്കിനൊപ്പം, ഓരോ മേഖലയിലുമുള്ള നഷ്ടം പ്രത്യേകമായി വിശദീകരിക്കും. പുനരധിവാസം, നഷ്ടപരിഹാരം, ജീവനോപാധി തുടങ്ങിയവയും റിപ്പോർട്ടിൻ്റെ ഭാഗമാകും. ചൂരൽമല, മുണ്ടക്കൈ മേഖലകളിലുണ്ടായ 350 ഏക്കർ കൃഷിനാശത്തിൽ പ്രധാനമായും തോട്ടം വിളകൾക്കാണ് നഷ്ടമുണ്ടായത്. ഇവയ്ക്ക് സാധാരണ നൽകുന്ന നഷ്ടപരിഹാരത്തേക്കാൾ കൂടുതൽ ആവശ്യമായി വരും. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി പ്രത്യേക നഷ്ടപരിഹാര പാക്കേജ് വേണമെന്ന ആവശ്യമായിരിക്കും സംസ്ഥാനം അവതരിപ്പിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com