റഡാർ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് സിഗ്നൽ കണ്ടെത്തിയത്
ചൂരൽമല ദുരന്തത്തിൽ മുണ്ടക്കൈയിൽ നിന്ന് മണ്ണിനടിയിൽ ജീവൻ്റെ സാന്നിധ്യം കണ്ടെത്തി. റഡാർ ഉപയോഗിച്ച് നടത്തിയ തെർമൽ സ്കാനിങിലാണ് നിർണായക സിഗ്നൽ കണ്ടെത്തിയത്. പരിശോധന രാത്രിയും തുടരുവാൻ മുഖ്യമന്ത്രി നിർദേശം നൽകി. എട്ട് മീറ്റർ താഴ്ചയിലാണ് ജീവൻ്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. രാത്രി പരിശോധന തുടരുന്നതിനായി കൂടുതൽ ഫ്ലഡ് ലൈറ്റുകളും എത്തിക്കും.
സിഗ്നൽ ലഭിച്ചിടത്ത് തെരച്ചിൽ ആരംഭിച്ചു. 50 മീറ്റർ ചുറ്റളവിൽ ആഴത്തിൽ തെരച്ചിൽ നടത്തമെന്നാണ് ഇപ്പാേൾ ലഭിക്കുന്ന വിവരം. രണ്ട് തവണ സിഗ്നൽ ലഭിച്ചതായും വിവരം ലഭ്യമായിട്ടുണ്ട്. രക്ഷാപ്രവർത്തകരെ തിരിച്ചു വിളിച്ചാണ് പരിശോധന നടത്തുന്നത്. മുണ്ടക്കൈ സ്വദേശി യൂനസിൻ്റെ ഉടമസ്ഥതയിലുള്ള തകർന്ന കെട്ടിടത്തിന് ഉള്ളിലായാണ് സിഗ്നൽ കണ്ടെത്തിയിട്ടുള്ളത്. യൂനസിൻ്റെ സഹോദരനേയും പിതാവിനേയും മണ്ണിടിച്ചിലിൽ കാണാതായിരുന്നു. അതേ സമയം, മനുഷ്യ സാന്നിധ്യം തന്നെയാണോ എന്ന് ഉറപ്പിച്ചിട്ടില്ല.