ഇന്ന് ചാലിയാറിൻ്റെ തീരങ്ങളിൽ നിന്നും 12മൃതദേഹങ്ങളാണ് കണ്ടെടുത്തത്
ചൂരൽമല ദുരന്തത്തെ തുടർന്ന് ചാലിയാറിൽ നടത്തുന്ന ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. തെരച്ചിൽ നാളെ തുടരും. ഇന്ന് ചാലിയാറിൻ്റെ തീരങ്ങളിൽ നിന്നും 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആറു ദിവസം നീണ്ട തിരച്ചിലിൽ ചാലിയാറിൽ നിന്നും ആകെ 201 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ നിന്ന് ഏഴ് ആംബുലൻസുകളിലായി 34 ശരീരഭാഗങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ഇനിയും 206 പേരെ കൂടി കണ്ടെത്താനുണ്ടെന്നും, ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രയാസം നേരിടുന്നതായും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്ന വേളയിൽ പറഞ്ഞിരുന്നു. ഇന്നലത്തെ തെരച്ചിലിൽ 11 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. 40 ടീമുകളാണ് ആറ് സെക്ടറുകളിലായി തെരച്ചിൽ നടത്തിയത്. 1419 പേരാണ് രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി അവിടെ തുടരുന്നത്.
സിവിൽ ഡിഫൻസ് ഉൾപ്പെടെ ഫയർ ഫോഴ്സിൽ നിന്നും 460 പേർ, 120 എൻഡിആർഎഫ് അംഗങ്ങൾ, വനം വകുപ്പ് 56 പേർ, പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിൽ നിന്ന് 64 പേർ, ഇന്ത്യൻ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിട്ടറി എഞ്ചിനീയറിംഗ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആൻഡ് എഞ്ചിനീയറിംഗ് ഗ്രൂപ്പ്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയിൽ നിന്ന് 640 പേർ, തമിഴ്നാട് ഫയർ ഫോഴ്സിൽ നിന്ന് 44 പേർ, കേരള പൊലീസിൻ്റെ ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്ന് 15 പേർ എന്നിങ്ങനെയാണ് രക്ഷാപ്രവർത്തകരുടെ കണക്കുകളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.