
ചൂരൽമലയിലെ വിദ്യാർഥികൾക്ക് ഒരു മാസത്തിനകം ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആയിരം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ കൊടുക്കുന്നതിനുള്ള കിറ്റ് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍, ബാഗ്, കുട എന്നിവ അടങ്ങിയതായിരിക്കും കിറ്റ്. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി സ്കൂളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി 16 അധിക ക്ലാസുകളും തുടങ്ങും.
ചൂരല്‍മല, മേപ്പാടി മേഖലകളില്‍ ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിനോട് 2000 കോടി ധന സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.
ദുരന്തത്തില്‍ 231 മരണം സംഭവിച്ചുവെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചത്. ഇതില്‍ 178 മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങളാണ് വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെടുത്തത്. 128 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മേപ്പാടിയിലെ ആകെ നഷ്ടം 1,200 കോടി രൂപയുടേതാണ്.ദുരന്ത മേഖലയിലെ 1555 വീടുകള്‍ വാസയോഗ്യമല്ലാതായി. 626 ഹെക്ടര്‍ കൃഷി നശിച്ചു. 124 കിലോമീറ്റര്‍ വൈദ്യുതി കേബിളുകള്‍ തകര്‍ന്നുവെന്നും സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.