'മതനിരപേക്ഷ സ്വഭാവമുള്ള നേതാവ്': കുട്ടി അഹമ്മദ് കുട്ടിയുടെ വേർപാടിൽ അനുശോചിച്ച് രാഷ്ട്രീയ പ്രമുഖർ

നിയമസഭാ ചർച്ചകൾക്ക് സാമൂഹികമായ മാനത്തിനൊപ്പം സാഹിത്യപരമായ മാനം കൂടി ഉൾച്ചേർക്കുന്നതിൽ കുട്ടി അഹമ്മദ് കുട്ടി ശ്രദ്ധിച്ചു
'മതനിരപേക്ഷ സ്വഭാവമുള്ള നേതാവ്': കുട്ടി അഹമ്മദ് കുട്ടിയുടെ വേർപാടിൽ അനുശോചിച്ച് രാഷ്ട്രീയ പ്രമുഖർ
Published on

മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. "മന്ത്രി എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടമാക്കിയ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. നിയമസഭാ ചർച്ചകൾക്ക് സാമൂഹികമായ മാനത്തിനൊപ്പം സാഹിത്യപരമായ മാനം കൂടി ഉൾച്ചേർക്കുന്നതിൽ കുട്ടി അഹമ്മദ് കുട്ടി ശ്രദ്ധിച്ചു.തൻ്റെ നാടിൻ്റെയും താൻ പ്രതിനിധാനം ചെയ്ത ജനവിഭാഗത്തിൻ്റെയും താൽപര്യങ്ങൾക്ക് വേണ്ടി സഭയിൽ അദ്ദേഹം നിരന്തരം ശബ്ദം ഉയർത്തി," പിണറായി വിജയൻ പറഞ്ഞു.

താൻ ഉൾക്കൊള്ളുന്ന സമുദായത്തിൻ്റെ താൽപര്യ സംരക്ഷണം സാധ്യമാകുന്നത് പൊതുതാൽപര്യ സംരക്ഷണത്തിലൂടെയാണ് എന്ന് വിശ്വസിച്ച മതനിരപേക്ഷ സ്വഭാവമുള്ള നേതാവായിരുന്നു അദ്ദേഹം.കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. വ്യക്തിപരമായി നല്ല ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിൻ്റെ വേർപാട് സങ്കടകരമാണ്. ശ്രദ്ധേയമായ സേവനം നടത്തിയ വ്യക്തിയെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ കുട്ടി അഹമ്മദ് കുട്ടിക്കായെന്നും സതീശൻ പറഞ്ഞു.

കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിലൂടെ പാർട്ടിക്ക്‌ വലിയ നഷ്ടമാണ് ഉണ്ടായതെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. കുട്ടി അഹമ്മദ് കുട്ടി പാർട്ടിയിലെ ബുദ്ധിജീവിയായിരുന്നു. എംഎൽഎ ആയും, മന്ത്രിയായും കഴിവ്‌ തെളിയിച്ച വ്യക്തി കൂടിയാണ് കുട്ടി അഹമ്മദ് കുട്ടി. പല ഭരണപരിഷ്കാര നടപടികളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലീം ലീഡിൻ്റെ ജില്ലയിലെ പ്രധാന നേതാവിനെയാണ് കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതയെന്ന് മന്ത്രി വി. അബ്ദുറഹ്മാനും പറഞ്ഞു. സൗഹൃദവും, ബന്ധങ്ങളും വളരെ വലുതാണ്. അദ്ദേഹത്തെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നയാളാണ്. കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതി ഏർപ്പെടുത്തുമെന്നും അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.

കുട്ടി അഹമ്മദ് കുട്ടിയുടെ നഷ്ടം ലീഗിന് നികത്താൻ കഴിയാത്ത നഷ്ടമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പാർട്ടിയിലെ ഏറ്റവും സൗമ്യനും ജനകീയനുമായ കുട്ടി അഹമ്മദ് കുട്ടി മനുഷ്യനേയും പ്രകൃതിയേയും ഒരുപോലെ സ്നേഹിച്ച വ്യക്തിയായിരുന്നു. ഉന്നതമായ പദവികൾ പാർട്ടിയിലും ഭരണരംഗത്തും വഹിച്ചപ്പോഴും ജനകീയനായിരുന്നു കുട്ടി അഹമ്മദ് കുട്ടി. ലീഗിന്റെ ജില്ലയിലെ പ്രധാന നേതാവാണ് നഷ്ടമായതെന്നും അദ്ദേഹം അനുശോചിച്ചു. കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തെ തുടർന്ന് ലീഗിൻ്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു.

വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചത്. 2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ അദ്ദേഹം പാര്‍ട്ടി മുന്‍ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996, 2001 വർഷങ്ങളിൽ തിരൂരങ്ങാടിയിൽ നിന്നുമാണ് അദ്ദേഹം എംഎൽഎയായത്. മുസ്ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡൻ്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡൻ്റ്, തിരൂർ എം.എസ്.എം പോളി ടെക്‌നിക് ഗവേർണിംഗ് ബോഡി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com