ഒക്ടോബർ 24 നാണ് പൈൽസിനെ തുടർന്ന് നാരായണിക്കുട്ടിയെ വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്
പാലക്കാട് പൈൽസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധിക മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് പരാതി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി നാരായണിക്കുട്ടിയാണ് ചികിത്സക്കിടെ വാണിയംകുളത്തെ പി. കെ. ദാസ് ആശുപത്രിയിൽ മരിച്ചത്. കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു.
ഒക്ടോബർ 24 നാണ് പൈൽസിനെ തുടർന്ന് നാരായണിക്കുട്ടിയെ വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ദേഹാസ്വാസ്ഥ്യം മൂർച്ഛിച്ചതോടെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചു. 25 ന് ശസ്ത്രക്രിയ പൂർത്തിയാക്കി തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റിയ വയോധികക്ക് ഛർദിയും അമിത രക്തസ്രാവവും അനുഭവപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് വയോധിക മരിച്ചത്. തുടർന്നാണ് ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്.
പരാതിയെ തുടർന്ന് ഷൊർണൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. വിശദീകരണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രി മോർച്ചറിക്കു മുന്നിൽ പ്രതിഷേധിച്ചു. ഡോക്ടർമാർക്ക് വീഴ്ചയുണ്ടോ എന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്മെൻ്റ് ഉറപ്പു നൽകിയ ശേഷമാണ് ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാൻ തയ്യാറായത്.