തെരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം
മഹാരാഷ്ട്രയിലെ ചരിത്ര തോൽവിക്ക് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. തെരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി വിശകലനം ചെയ്യുമെന്നും രാഹുൽ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ആകെ 288 സീറ്റുകളിൽ 231 എണ്ണത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 46 സീറ്റുകളില്‍ മാത്രമാണ് മഹാവികാസ് സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. മഹാവികാസ് അഘാഡിയുടെ ഭാഗമായ ഉദ്ധവ് താക്കറെ വിഭാഗം ശിവസേന സ്ഥാനാര്‍ഥികള്‍ 20 സീറ്റില്‍ മാത്രമാണ് വിജയിച്ചത്.
ഛത്രപതി ശിവജി, ഫൂലെ, ബാബാസാഹെബ്, അംബേദ്കർ എന്നിവരുടെ പ്രത്യയശാസ്ത്രമാണ് കോണഗ്രസിന്റേതെന്നും പോരാട്ടം തുടരുമെന്നുമായിരുന്നു തോൽവിക്ക് പിന്നാലെയുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. എന്നാൽ തെരഞ്ഞെടുപ്പിലെ സുതാര്യത സംബന്ധിച്ച ആശങ്കകളാണ് കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം പങ്കുവെച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിൽ നേരിടേണ്ടി വന്ന അപ്രതീക്ഷിത പരാജയത്തിൽ കോൺഗ്രസ് ഒന്നടങ്കം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പാർട്ടി വക്താവ് പവൻ ഖേര തെരഞ്ഞടുപ്പിലെ സുതാര്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപിയുടെ ഇത്തവണത്തെ പ്രകടനത്തിൽ സംശയമുണ്ടെന്നും പവൻ ഖേര കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികൾ നൽകിയിട്ടും കൃത്യമായ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ഞങ്ങൾ ജയിച്ചാലും തോറ്റാലും തെരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്യുന്നത് തുടരും. പരീക്ഷ പേപ്പറുകൾ ചോരുന്ന നാട്ടിൽ യന്ത്രങ്ങളെ കണ്ണടച്ച് വിശ്വസിക്കാനാകുമോ എന്നും പവൻ ഖേര ചോദിക്കുന്നു. മഹാരാഷ്ട്രയിൽ മോദിയുടെ പേരിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത് എന്നാൽ ബിജെപി പരാജയപ്പെട്ടു. എന്നാൽ അതേ സംസ്ഥാനം ഇന്ന് ബിജെപിക്ക് അനുകൂല വിധി നൽകി ഇത് സാധ്യമാണോ എന്ന സംശയവും പവൻ ഖേര ഉന്നയിക്കുന്നു. അതേസമയം മഹാരാഷ്ട്രയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനകൾ നടന്നെന്നും ഈ ഗൂഢാലോചനയിലൂടെയാണ് ബിജെപി വിജയം കൈവരിച്ചതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു.