സിപിഎം തീവ്രവാദി പാർട്ടിയായി മാറിയെന്നായിരുന്നു വി.ഡി സതീശൻ്റെ വിമർശനം
പെരിയക്കൊലക്കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയക്കൊലക്കേസിലെ വിധിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രതികരണം. കേസിൽ വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്ന് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സിപിഎം ഇനിയെങ്കിലും കൊലക്കത്തി താഴെ വയ്ക്കാൻ തയ്യാറാകണമെന്ന് വടകര എംഎൽഎ കെ.കെ. രമയും അഭിപ്രായപ്പെട്ടു.
സിപിഎം തീവ്രവാദി പാർട്ടിയായി മാറിയെന്നായിരുന്നു വി.ഡി സതീശൻ്റെ വിമർശനം. പാർട്ടിക്ക് പങ്കില്ലെന്നത് സിപിഎമ്മിൻ്റെ സ്ഥിരം പല്ലവിയാണ്. പാർട്ടിയുടെ മുൻ എംഎൽഎ തന്നെ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. കുടുംബവുമായി ആലോചിച്ചു കേസിൽ തുടർനടപടി സ്വീകരിക്കും. ഒരു തെറ്റും ചെയ്യാത്ത ചെറുപ്പക്കാരെയാണ് കൊലപാതകത്തിനിരയാക്കിയതെന്നും സതീശൻ പറഞ്ഞു.
സ്റ്റാലിന്റെ റഷ്യയിലാണ് മുൻപ് ഇങ്ങനെ നടന്നിട്ടുള്ളതെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പക്ഷം. ആരും തങ്ങളെക്കാൾ വളരരുതെന്ന് വാശിയാണ് സിപിഎമ്മിന്. അധമ രാഷ്ട്രീയത്തിനുടമകളാണ് സിപിഎം. സിബിഐ വരാതിരിക്കാൻ കോടതിയിൽ മുടക്കിയ പണം സിപിഎം തിരികെ നൽകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
വധശിക്ഷയാണ് പ്രതീക്ഷച്ചതെങ്കിലും ഇരട്ട ജീവപര്യന്തത്തിൽ സംതൃപ്തരാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. കേസിൽ ജഡ്ജിക്ക് തെറ്റുപറ്റിയെന്ന വിമർശനവും എംപി നടത്തി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ തന്നെ ജയിലിൽ വിടണമായിരുന്നു. എന്നാൽ പ്രതികളെ ജയിലിൽ അയക്കാതിരുന്നത് ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്.
ഉദുമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമന് നൽകിയ ശിക്ഷ കുറഞ്ഞെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറയുന്നു. നാല് പ്രതികൾക്ക് അഞ്ച് വർഷം ശിക്ഷ കുറവാണ്. വിധിയിൽ എൻഹാൻസിങ്ങ് അപ്പീൽ നൽകും. ഗൂഡാലോചനയുമായി ബന്ധപ്പെട്ട് തുടരന്വേഷണം വേണമെന്നും വി.പി.പി. മുസ്‌തഫ ഉൾപ്പെടെയുള്ളവർ പ്രതിയായില്ലെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടു എന്നത് തന്നെയാണ് ഈ വിധിയുടെ പ്രത്യേകതയെന്ന് കെ.കെ.രമ പറഞ്ഞു. സിപിഎം ഇനിയെങ്കിലും കൊലക്കത്തി താഴെ വയ്ക്കാൻ തയ്യാറാകണമെന്നായിരുന്നു കെ.കെ. രമയുടെ വിമർശനം. ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കലിലും സിപിഎം നേതാക്കളുടെ പങ്ക് തെളിഞ്ഞു. കോടതി വിധിയെ അട്ടിമറിക്കാൻ സിപിഎം ഭരണകൂടം ശ്രമിക്കുമെന്ന് സംശയമില്ല. അതാണ് ടിപി കേസിൽ ഇപ്പോൾ കാണുന്നതെന്നും ഒരു മാനദണ്ഡവും ഇല്ലാതെയാണ് ശിക്ഷയിൽ കഴിയുന്ന പ്രതികളെ സർക്കാർ പുറത്തിറക്കുന്നതെന്നും എംഎൽഎ ആരോപിച്ചു.
കേസിലെ പ്രതികൾ ഒരുതരത്തിലുമുള്ള സഹതാപവും അർഹിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. അതുകൊണ്ട് തന്നെ എല്ലാവർക്കും പരമാവധി ശിക്ഷ ലഭിക്കണം. സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നത് വിധിയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഇത് സിപിഎം സംഘടനം ചെയ്തു നടപ്പിലാക്കിയ കൊലപാതകമാണെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. പാർട്ടിക്ക് പങ്കില്ല എന്ന പച്ചക്കള്ളം ജനങ്ങൾക്ക് മുമ്പിൽ തെളിഞ്ഞിരിക്കുകയാണ്. ഗുണ്ടകളുടെ വസന്തകാലമാണ് ഈ ഭരണമെന്നും വിധി മുഖ്യമന്ത്രിക്കെതിരെയുള്ളതാണെന്നും എംപി ആരോപിച്ചു. ഗവൺമെന്റ് പ്രതികൾക്ക് വേണ്ടി കോടിക്കണക്കിന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു. കേസിനു വേണ്ടി ചെലവഴിച്ച നികുതിപ്പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. കാലു മാറിയ അഭിഭാഷകൻ ശ്രീ കെ. ശ്രീധരൻ കൂടിയുള്ള തിരിച്ചടിയാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
വിധി സർക്കാരിൻ്റെ പരാജയമാണെന്നും പ്രതികളെ രക്ഷിക്കാൻ സി പി എം ഇനിയും ശ്രമിക്കുമെന്നും ഡീൻ കുര്യാക്കോസ് എംപിയും അഭിപ്രായപ്പെട്ടു. എല്ലാവർക്കും ശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് എംപി വ്യക്തമാക്കി. വിധിക്ക് ശേഷം കുടുംബത്തെ ആശ്വസിപ്പിക്കാനായി ഹൈബി ഈഡൻ എംപിയും കോടതിയിലെത്തിയിരുന്നു.
സിപിഎമ്മിനെ ക്രിമിനൽ പാർട്ടി ഓഫ് മാർക്സിസ്റ്റെന്ന് വിളിച്ചായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ വിമർശനം. സിപിഎം ഇരകൾക്കല്ല പ്രതികൾക്കാണ് സംരക്ഷണം ഒരുക്കിയതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയാണിത്. 'ക്രിമിനൽ പാർട്ടി ഓഫ് മാർക്സിസ്റ്റ്' ആണ് എന്ന് അവർ ഒരിക്കൽ കൂടി തെളിയിച്ചു. കുടുംബവുമായി കൂടിയാലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
പെരിയ ഇരട്ടക്കൊലക്കേസ് ഏറെ പ്രത്യേകതയുള്ള ഒന്നാണെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകാരൻ പറഞ്ഞു. ഇത് കൊലപാതകമാണെന്ന് സിപിഎം ഒരിക്കലും പറയില്ല. വെറുതെ വിട്ടവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കും. വിധി പഠിച്ച ശേഷം തുടർ നിയമ നടപടികൾ ആലോചിക്കുമെന്നും കൂടുതൽ പ്രതികരിക്കാമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
ഇത് വളരെ നിഷ്ഠൂരമായ കൊലപാതകമാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രതികരണം. കൊലപാതകത്തിൽ സിപിഎം പങ്കുണ്ട്. രണ്ട് വർഷക്കാലമാണ് മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ സമയമുള്ളത്. ഈ ഭരണകാലയളവിൽ തന്നെ ഇനി അക്രമ രാഷ്ട്രീയം ഉണ്ടാകില്ല എന്ന് പിണറായി വിജയൻ ഉറപ്പിക്കണം. സിബിഐ അന്വേഷണം നടത്തിയിലായിരുന്നുവെങ്കിൽ മറ്റു കേസുകൾ പോലെ ഇത് തേഞ്ഞു മാഞ്ഞു പോയേനെയെന്നും ജനങ്ങൾക്ക് ജുഡീഷ്യറിയിൽ ഉള്ള വിശ്വാസം തെളിയിക്കുന്ന വിധിയാണതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
ALSO READ: പെരിയ ഇരട്ടക്കൊല: ശിക്ഷിക്കപ്പെട്ടവരില്‍ സിപിഎം നേതാക്കളും
ആറ് വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിൽ ഇന്നാണ് പെരിയ ഇരട്ട കൊലപാതകക്കേസിൽ കോടതി ശിക്ഷ വിധിച്ചത്. കേസിലെ ഒന്നു മുൽ എട്ടുവരെയുള്ള പ്രതികൾക്കും പത്തും, പതിനഞ്ചും പ്രതികൾക്കും ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. മറ്റ് പ്രതികൾക്ക് അഞ്ചു വർഷം തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കൊച്ചി സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.