1978 ൽ ഇന്ദിരാ ഗാന്ധിയാണ് 24 അക്ബർ റോഡിലേക്ക് ഓഫീസ് മാറ്റിയത്
ചരിത്രം ഉറങ്ങുന്ന 24 അക്ബർ റോഡ് ഓഫീസിൽ നിന്ന് കോൺഗ്രസ് നാളെ (ജനുവരി 15) പടിയിറങ്ങും. കഴിഞ്ഞ 50 വർഷം ഇന്ത്യൻ രാഷ്ടീയം വലം ചുറ്റിയ 24 അക്ബർ റോഡിലെ എഐസിസി ഓഫീസ് മേൽവിലാസം നാളെ മുതൽ ഇന്ദിരാഭവൻ 9 എ കോട്‌ല റോഡ് എന്നായി മാറും. ഇന്ദിരാ ഗാന്ധി മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്തിമാരുടെ വാഴ്ചയും വീഴ്ചയും കണ്ട ഓഫീസാണിത്. പാർട്ടിയുടെ കരുത്തും വളർച്ചയും തളർച്ചയും എല്ലാം കണ്ട 24 അക്ബർ റോഡ് എന്ന സർക്കാർ ബംഗ്ളാവിൽ നിന്ന് സ്വന്തം ആസ്ഥാനത്തേക്ക് മാറുന്നു എന്നത് എടുത്തുപറയേണ്ടതാണ്.
1978 ൽ ഇന്ദിരാ ഗാന്ധിയാണ് 24 അക്ബർ റോഡിലേക്ക് ഓഫീസ് മാറ്റിയത്. തെരഞ്ഞെടുപ്പിലെ തോൽവിയും പാർട്ടി പിളർപ്പും എല്ലാ കൂടി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ വേളയിലാണ് അന്ധ്രപ്രദേശിൽ നിന്നുള്ള എംപി ജി. വെങ്കിട സ്വാമിയുടെ ഔദ്യോഗിക വസതി ഓഫീസാക്കിയത്. ഇന്ദിരാ ഗാന്ധിക്ക് അധികാരം തിരിച്ച് കിട്ടിയതോടെ സ്ഥിരം ആസ്ഥാനമായി മാറി 24 അക്ബർ റോഡിലെ ഈ ഓഫീസ്. ബിജെപിക്കും സിപിഎമ്മിനും സിപിഐക്കും ഒന്നിൽ കൂടുതൽ ഓഫീസുകൾ സ്വന്തമായി ഉള്ളപ്പോഴാണ് 100 വർഷത്തിലേറെ കാലമായി കോൺഗ്രസിന് സ്വന്തം ഓഫീസില്ലെന്നത് കൗതുകമാകുന്നത്.
സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിൻ്റെ ആദ്യ ഓഫീസ് കേരള ഹൗസിന് അടുത്തുള്ള 7 ജന്തർ മന്ദിർ റോഡായിരുന്നു. 1971 ൽ 5 രാജേന്ദ്രപ്രസാദ് റോഡിലേക്ക് മാറി. അവിടെ നിന്നാണ് 1978 ൽ ഇന്നത്തെ ഓഫീസിൽ പാർട്ടി എത്തിനിൽകുന്നത്. സ്വന്തമായി ആസ്ഥാനം നിർമിക്കാൻ 30 ലക്ഷം ചെലവഴിച്ച് അടിയന്തരാവസ്ഥ കാലത്ത് തന്നെ പാർട്ടി ഭൂമി വാങ്ങിയിരുന്നു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഈ സ്ഥലത്ത് ശാസ്ത്രി ഭവന് തൊട്ട് മുന്നിൽ തന്നെ ജവഹർ ഭവൻ എന്ന പേരിൽ മൂന്ന് നില ഓഫീസ് കെട്ടിടം 1991 ൽ നിർമാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ ഉദ്ഘാടനം നിശ്ചയിച്ച സമയത്ത് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ ശനിദശ ആരോപിച്ച് ജവഹർ ഭവനെ പാർട്ടി കൈവിട്ടു. പിന്നെ 24 അക്ബർ റോഡ് പാർട്ടിയുടെ ഐശ്വര്യമാണെന്ന് പാർട്ടി വിശ്വസിച്ചു.
ഒടുവിൽ ബിജെപി സർക്കാറിൻ്റെ സമർദ്ദം ശക്തമായതോടെ എംപിമാർക്കുള്ള എ ടൈപ്പ് ബംഗ്ലാവ് ഒഴിയാൻ കോൺഗ്രസ് നിർബന്ധിക്കപെടുകയായിരുന്നു. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്ന മനോഹരമായ ഓഫീസാണ് നാളെ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. സോണിയ ഗാന്ധിയാകും കെട്ടിടം ഉദ്ഘാടനം ചെയ്യുക. പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, കോൺഗ്രസ് മുഖ്യമന്ത്രിമാർ, നിയമസഭാ കക്ഷി നേതാക്കൾ, പിസിസി അധ്യക്ഷൻമാർ, എംപിമാർ പാർട്ടി ഭാരവാഹികൾ എന്നിവരടക്കം 400 പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.