ബിജെപിക്ക് ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയാണ് ഒരു പേരിലേക്കെത്താതിരിക്കാന്‍ കാരണം
പാലക്കാട് സ്ഥാനാര്‍ഥിയെ ചൊല്ലി ബിജെപിയില്‍ കലഹം. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ഒരുവിഭാഗം ഉന്നയിക്കുമ്പോള്‍ കെ.സുരേന്ദ്രന്‍ വേണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. ജില്ലയിലുള്ള കൃഷ്ണകുമാറിന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്.
ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്ത കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണ്. ഇടതുപക്ഷവും കളം പിടിക്കാനൊരുങ്ങിക്കഴിഞ്ഞു. എന്നാല്‍ ബിജെപിക്ക് ഇതുവരെ സ്ഥാനാര്‍ഥിയെ കണ്ടെത്താനായിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയാണ് ഒരു പേരിലേക്കെത്താതിരിക്കാന്‍ കാരണം.
Also Read: "ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ പാലക്കാട് ജയം ഉറപ്പ്, നോമിനേഷൻ കൊടുക്കുന്ന അന്ന് ജയിക്കും"; ബിജെപി ദേശീയ കൗൺസിൽ അംഗം
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ സുരേന്ദ്രനപ്പുറം ശോഭാ സുരേന്ദ്രന്‍ വേണമെന്ന ആവശ്യവും മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ശോഭ സുരേന്ദ്രന്‍ നിന്നാല്‍ ജയിക്കുമെന്നും ശോഭയെ നിര്‍ത്തണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പറഞ്ഞു.
Also Read: ചുവപ്പണിഞ്ഞ് സരിൻ; ആരോപണങ്ങൾക്ക് പാലക്കാട് തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്ന് ആദ്യ പ്രതികരണം
സി. കൃഷ്ണ കുമാര്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രാദേശിക പ്രശ്‌നങ്ങളും ആളുകളേയും നേരിട്ടറിയുന്നവര്‍ വേണമെന്നാണ് പ്രാദേശിക നേതാക്കളുടെ ആവശ്യം. സരിനും രാഹുലും നേര്‍ക്കുനേര്‍ മത്സരിക്കുമ്പോള്‍ എളുപ്പത്തില്‍ വിജയം സ്വന്തമാക്കാമെന്ന ചിന്ത ബിജെപിക്കുണ്ട്. എന്നാല്‍ തമ്മിലടിയും അഭിപ്രായ ഭിന്നതും തുടര്‍ന്നാല്‍ തിരിച്ചടിയാകുമെന്നാണ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.