കേരള പൊലീസും ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐയും അന്വേഷിച്ച കേസിൽ 14 പ്രതികളെയാണ് കുറ്റക്കാരായി കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്.
ആറ് വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിൽ പെരിയ ഇരട്ട കൊലപാതകക്കേസിൽ ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നു മുൽ എട്ടുവരെയുള്ള പ്രതികൾക്കും പത്തും, പതിനഞ്ചും പ്രതികൾക്കും ഇരട്ട ജീവപര്യന്തം വിധിച്ചു. മറ്റ് പ്രതികൾക്ക് അഞ്ചു വർഷം തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
കേരള പൊലീസും ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐയും അന്വേഷിച്ച കേസിൽ 14 പ്രതികളെയാണ് കുറ്റക്കാരായി കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. 2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കൃപേഷ്, ശരത്ലാൽ എന്നിവരെ കല്യോട്ട് സ്കൂൾ -ഏച്ചിലടുക്കം റോഡിൽ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ. സജി എന്നിവർ അറസ്റ്റിലായി.
ഫെബ്രുവരി 19 ന് പീതാംബരനെയും സജി ജോർജിനെയും സിപിഎം പുറത്താക്കി. രാഷ്ട്രീയ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഫെബ്രുവരി 21 നാണ് സംസ്ഥാന സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. എസ്പി വി.എം. മുഹമ്മദ് റഫീഖിനായിരുന്നു അന്വേഷണച്ചുമതല. അന്വേഷണത്തിൽ സിപിഎമ്മിന് തൃപ്തിയില്ലാത്തതിനാൽ മാർച്ച് 2ന് അന്വേഷണ തലവനായ എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു.
ALSO READ: ആറ് വര്ഷം മുമ്പ് നടന്ന അരുംകൊല, മൂന്ന് വര്ഷം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലപാതകം നാള്വഴി
തൊട്ടടുത്ത ദിവസം അന്വേഷണ സംഘത്തെത്തന്നെ മാറ്റി. ഡിവൈഎസ്പിയേയും സി.ഐമാരേയും മാറ്റി. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുന്നത് ഏപ്രിൽ ഒന്നിനാണ്. മേയ് 14 നാണ് സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുന്നത്. മേയ് 20 ന് 14 പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
സെപ്റ്റംബർ 30 നാണ് ഹൈകോടതി സിംഗിൾ ബെഞ്ച് പെരിയ കേസ് സിബിഐക്ക് വിടുന്നത്. ഒക്ടോബർ 29 ന് സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാർ അപ്പീൽ സമർപ്പിച്ചു. എന്നാൽ അപ്പീൽ ഹൈകോടതി തള്ളി. തുടർന്ന് സെപ്റ്റംബർ 12 ന് സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇതിനെതിരെ തടസ്സഹർജിയുമായി കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ രംഗത്തെത്തി.
ഡിസംബർ ഒന്നിന് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളുകയും. അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു. 2021 ഡിസംബർ മൂന്നിന് സിബിഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങിയത്. 2024 ഡിസംബർ 28 ന് കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി പുറപ്പെടുവിച്ചു. 10 പേരെ വെറുതെവിടുകയും ചെയ്തു. കേസിലെ കുറ്റക്കാർക്കുള്ള ശിക്ഷ ഇന്ന് വിധിക്കുമ്പോൾ അത് രണ്ട് കുടുംബങ്ങളുടെ ഇഛാശക്തിയുടേയും മനക്കരുത്തിൻ്റേയും വിജയം കൂടിയാണ്.