വടകര ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് വീടുകൾ കയറി വർഗീയത പ്രചരിപ്പിച്ചിട്ടുണ്ട്
കാഫിർ വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് കെ.കെ. ലതിക. പാർട്ടി സെക്രട്ടറി പറഞ്ഞതിനപ്പുറം വിഷയത്തിൽ പ്രതികരിക്കാൻ ഇല്ല. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും, കാര്യങ്ങൾ കൃത്യമായി അന്വേഷിക്കട്ടെയെന്നും കെ.കെ. ലതിക പറഞ്ഞു.
റിബേഷ് നിരപരാധിയാണ്. വർഗീയത പ്രചരിപ്പിച്ചത് യു.ഡി.എഫ് ആണ്. വടകര ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് വീടുകൾ കയറി വർഗീയത പ്രചരിപ്പിച്ചിട്ടുണ്ട്. കെ.കെ. ശൈലജ ടീച്ചറുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും കെ കെ ലതിക പറഞ്ഞു.
ALSO READ: കാഫിർ വിവാദം: ശൈലജ ടീച്ചർ മുസ്ലിം വിരുദ്ധയെന്ന് സ്ഥാപിക്കാൻ നുണപ്രചരണങ്ങൾ നടത്തി; പി. ജയരാജൻ
ജസ്റ്റിസ് ഹേമ കമ്മിറ്റി വിഷയത്തിലും ലതിക പ്രതികരിച്ചു. റിപ്പോർട്ടിൽ നടപടി സ്വീകരിക്കാത്തത് അതിന്റെ രഹസ്യാത്മകത സൂക്ഷിക്കാൻ വേണ്ടിയാണ്. വ്യക്തികൾ പരാതി കൊടുത്താൽ മാത്രമേ കേസ് എടുക്കാൻ കഴിയുകയുള്ളു. ആരെങ്കിലും പരാതിയുമായി ചെന്നാൽ കേസ് എടുക്കാമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. നിയമപരമായി ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട് എന്നും ലതിക വ്യക്തമാക്കി.
കോൺക്ലേവ് നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചതാണ്. ഈ വിഷയത്തിൽ കൂടുതൽ ഒന്നും തനിക്ക് സംസാരിക്കാൻ ഇല്ലെന്നും കെ.കെ. ലതിക മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: കാഫിർ സ്ക്രീൻ ഷോട്ട് വിവാദം: ചർച്ചയായി കണ്ണൂരിലെ പാർട്ടി ഗ്രൂപ്പിസം
കാഫിർ വിഷയത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് പി. ജയരാജനും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കെ.കെ ശൈലജയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും മുസ്ലീം ലീഗും ശ്രമിച്ചു. കാഫിർ വിവാദത്തിലെ പ്രതികൾ കോൺഗ്രസും ലീഗുകാരുമാണ്. ശൈലജ ടീച്ചർ മുസ്ലിം വിരുദ്ധയെന്ന് സ്ഥാപിക്കാൻ നുണപ്രചരണങ്ങൾ നടത്തി എന്നും ജയരാജൻ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത് സിപിഎമ്മാണ്. എന്നാൽ പ്രശ്നത്തിനു പിന്നിൽ സിപിഎമ്മാണെന്ന് വരുത്തി തീർക്കാമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കാഫിർ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നും ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.