സമ്മേളനത്തിൽ എന്‍.കെ. നാരായണനെ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു
സിപിഎമ്മിൽ അച്ചടക്ക നടപടി നേരിട്ട പി.കെ. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യം. സിപിഎം മണ്ണാർക്കാട് ഏരിയാ സമ്മേളനത്തിലാണ് ശശിയെ മാറ്റണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടത്. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ ഒരാളെ കെടിഡിസി ചെയർമാൻ പദവിയിൽ തുടരാൻ അനുവദിക്കുന്നത് ശരിയല്ലെന്ന് പ്രതിനിധികൾ പറഞ്ഞു. പി.കെ. ശശിക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്ന മേഖലയാണ് മണ്ണാർകാട്.
എന്നാൽ ശശിയെ ചെയർമാന്‍ സ്ഥാനത്ത് നിന്നും മാറ്റുന്ന കാര്യം സംസ്ഥാന സർക്കാരും സംസ്ഥാന നേതൃത്വവുമാണ് തീരുമാനിക്കേണ്ടത് എന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. പി.കെ. ശശി അഴിമതി നടത്തിയ പാർട്ടി ഫണ്ട് തിരിച്ചു പിടിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ എന്‍.കെ. നാരായണനെ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
Also Read: ഇടത് മനസ് കൊണ്ടുനടന്നയാൾ പൂർണമായും ഇടതായി മാറി, സിപിഎം മെമ്പർഷിപ്പിന് അതിന്‍റേതായ നടപടിക്രമങ്ങളുണ്ട്: പി. സരിന്‍
ഫണ്ട് ക്രമക്കേടുകളടക്കം ഗുരുതര ആരോപണങ്ങളെത്തുടർന്നാണ് പി.കെ. ശശിക്കെതിരേ പാർട്ടി നടപടിയെടുത്തത്. പാർട്ടി അന്വേഷണ കമ്മിഷന്‍റെ ശുപാർശയിലായിരുന്നു നടപടി. ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയെങ്കിലും കെടിഡിസി ചെയർമാൻ സ്ഥാനമടക്കമുള്ളവയിൽ നിന്ന് പി.കെ. ശശിയെ മാറ്റി നിർത്തിയിരുന്നില്ല.