ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ സംസ്ഥാന സമിതി പരിശോധിച്ചു
പൊലീസ് സേനയിലെ ചില ആളുകളുടെ പ്രവര്‍ത്തിക്കെതിരെയാണ് പി.വി. അന്‍വര്‍ സംസാരിക്കുന്നതെന്നും അഴിമതി വിമുക്തമായ പൊലീസ് സംവിധാനം വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി. പൊലീസ് സംവിധാനത്തെ ജനകീയ സംവിധാനമാക്കി മാറ്റണം. ഇന്ത്യയിലെ തന്നെ മികച്ച ക്രമസമാധാന അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളതെന്നും കേരള പൊലീസ് ഇന്ത്യയിലെത്തന്നെ മികച്ച സംവിധാനമാണ് എന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരെ ജനാധിപത്യ വിരുദ്ധരായി വലതുപക്ഷ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുവെന്ന് എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ മാധ്യമങ്ങളടക്കം പ്രചരണം നടത്തുന്നു. മതരാഷ്ട്രവാദത്തിന് എതിരായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്തേണ്ടത് വര്‍ഗീയ വാദികളുടെ ആവശ്യമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
വർത്തമാനകാല രാഷ്ട്രീയ സാഹചര്യവും പാർട്ടിയുടെ നയവും വ്യക്തമാക്കുന്ന രേഖ സംസ്ഥാന കമ്മിറ്റി പാസാക്കി. ഇടതുപക്ഷത്തെ തകര്‍ക്കുക എന്നത് കോര്‍പ്പറേറ്റ് നയമാണ്. പാർട്ടിയെ ദുർബലപ്പെടുത്താൻ, നേതൃത്വത്തെ കടന്നാക്രമിക്കുക എന്ന വഴിയാണ് വലതുപക്ഷ ശക്തികൾ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങൾ. മതരാഷ്ട്രവാദത്തിനെതിരായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മതേതരവാദികളും ന്യൂനപക്ഷവാദികളും മുഖ്യമന്ത്രിക്ക് പിന്തുണ നൽകുന്നു. ഇതില്ലാതാക്കുക എന്ന ലക്ഷ്യമാണ് സിപിഎം-ആർഎസ്എസ് ബന്ധം എന്ന പ്രചാരവേല.
തൃശൂരിലെ ബിജെപിയുടെ വിജയത്തിന് സിപിഎം കളമൊരുക്കി എന്ന പ്രചരണം നടക്കുന്നു. തൃശൂരില്‍ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിന് കാരണം. 86000 വോട്ട് യുഡിഎഫിന് കുറഞ്ഞു. എല്‍ഡിഎഫിന് വോട്ട് കുറഞ്ഞു. യുഡിഎഫ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകുന്നില്ല. കോൺഗ്രസിന്റെ ക്രിസ്ത്യൻ വോട്ടുകൾ ഉൾപ്പെടെ ബിജെപിക്ക് അനുകൂലമായെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
സിപിഎമ്മിനെ കുറ്റപ്പെടുത്തി മതനിരപേക്ഷ നിലപാടിനെ തമസ്കരിക്കുക എന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. കേരള പൊലീസ് ഇന്ത്യയിലെ മികച്ച സംവിധാനമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസ് സേന വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാൻ ആകില്ല. കേരളത്തില്‍ വർഗീയ സംഘർഷത്തിന് പലഘട്ടങ്ങളിലും വർഗീയ ശക്തികൾ പദ്ധതിയിട്ടു. അതിന് പൊലീസ് കൃത്യമായി തടയിട്ടു. സ്വർണ കള്ളക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറുന്ന സ്ഥിതിയുണ്ടായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പുറത്തുകൊണ്ടുപോകുന്നതിൽ യഥാർത്ഥ കുറ്റവാളി കസ്റ്റംസാണ്. അവിടെ ഇടപെടാതിരിക്കാൻ കഴിയാത്ത സ്ഥിതി പൊലീസിനുണ്ടായി. ആ ദൗത്യമാണ് പൊലീസ് നിർവഹിക്കുന്നത്. ഇതിനെതിരായിട്ടുള്ള കുരിശു യുദ്ധമാണ് അൻവർ നടത്തുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് തൃശൂർ പൂരം നടന്നത്. പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്നത് പകൽ വെളിച്ചം പോലെ വ്യക്തമായി. ആർഎസ്എസിന്റെ രാഷ്ട്രീയ താൽപര്യമാണ് ആ സ്ഥിതിയിലേക്ക് എത്തിച്ചതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇതില്‍ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധ ക്യാംപെയ്നുമായി സിപിഎം. കേന്ദ്ര സര്‍ക്കാര്‍ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം' അടിച്ചേല്‍പ്പിക്കുന്നു, ഇതിനെതിരെ ക്യംപെയ്ന്‍ സംഘടിപ്പിക്കും. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നു. സ്വകാര്യവത്കരണ നയം ശക്തിപ്പെടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിക്കണം. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിന് പ്രത്യേക ഫണ്ട് ഇതുവരെ അനുവദിച്ചില്ല. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ പ്രചരണ പരിപാടികള്‍ നടത്തും.
ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പത്രം തന്നെ ഖേദം പ്രകടിപ്പിച്ചു. ആ പ്രശ്നം അവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഉണ്ട് എന്ന് ഒരുകൂട്ടര്‍ പ്രചരണം നടത്തി. സര്‍ക്കാരിന് പിആര്‍ സംവിധാനം ഇല്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തിൽ ഇനിയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുണ്ടാകില്ല എന്ന കോൺഗ്രസ് വാദമാണ് അൻവറും മുന്നോട്ടുവയ്ക്കുന്നത്. മലപ്പുറം ജില്ലാ സെക്രട്ടറി ആർഎസ്എസുകാരൻ ആണെന്ന നട്ടാൽ കുരുക്കാത്ത നുണ അൻവർ പറയുന്നു. ഇതെല്ലാം ദുഷ്ടലാക്കോട് കൂടിയുള്ള വർഗീയ നിലപാടാണ്. വിശ്വാസിക്കും അവിശ്വാസിക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഭാഗമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.ശശിക്കെതിരായ ആരോപണത്തില്‍ അന്‍വര്‍ തന്നെ കത്ത് പുറത്തുവിട്ടിരുന്നു. കത്ത് പുറത്തുവന്നപ്പോഴാണ് കത്തില്‍ കാതലായി ഒരു പ്രശ്നവുമില്ല. ശശിയെ ബോധപൂര്‍വം അപമാനിക്കാനായിരുന്നു അന്‍വറിന്‍റെ ശ്രമം. ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ അന്വേഷണം നടത്തില്ല. പരാതിയിൽ വസ്തുതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
സിപിഎമ്മിൽ ഉൾപാർട്ടി ജനാധിപത്യം ഇല്ല എന്ന് പറയുന്നത് പച്ചക്കള്ളമാണ്.മുസ്ലീം ലീഗും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് വർഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുന്നു,ന്യൂനപക്ഷ ജനവിഭാഗങ്ങളെ വർഗീയതയിലേക്ക് നയിക്കുന്നു. ബിജെപിക്ക് വളരാനുള്ള മണ്ണൊരുക്കുകയാണ് ഇവരെന്നും ഗോവിന്ദന്‍ പറഞ്ഞു.
കെ.ടി. ജലീല്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശ്രദ്ധേയമാണ്. ജലീൽ കമ്മ്യൂണിസ്റ്റ് വിരുദ്ധത പറയുമെന്ന് പ്രതീക്ഷിച്ച് മാധ്യമങ്ങൾ ഇടിച്ചു കയറി ചെന്നു. അതല്ലെന്ന് കണ്ടപ്പോൾ സംപ്രേഷണത്തിൽ നിന്ന് പിന്മാറിയെന്നും ഗോവിന്ദന്‍ ആരോപിച്ചു.
പൂരം കലക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ എഡിജിപിയുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധന തുടരുകയാണ്. തെറ്റുണ്ടായിട്ടുണ്ടെങ്കിൽ നടപടി വരും, അതില്‍ തിരക്ക് കൂട്ടേണ്ട.