മഞ്ജു വാര്യർക്ക് പങ്കാളിത്തമുള്ള മൂവീ ബക്കറ്റ് എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് സിനിമയുടെ നിർമാതാക്കള്‍. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് പരാതി
നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്. 'ഫൂട്ടേജ്' എന്ന സിനിമയിൽ അഭിനയിച്ച ശീതൾ തമ്പിയാണ് മഞ്ജു വാര്യർക്ക് നോട്ടീസയച്ചത്. മഞ്ജു വാര്യർക്ക് പങ്കാളിത്തമുള്ള മൂവീ ബക്കറ്റ് എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് സിനിമയുടെ നിർമാതാക്കള്‍. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കാണിച്ചാണ് മഞ്ജു വാര്യർക്കും ബിനീഷ് ചന്ദ്രനുമെതിരെ വക്കീൽ നോട്ടീസ് അയച്ചത്. അഞ്ച് കോടി നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.
സൈജു ശ്രീധരർ സംവിധാനം ചെയ്ത ഫൂട്ടേജ് എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രംഗം അഭിനയിപ്പിച്ചുവെന്നാണ് ശീതളിന്‍റെ പരാതി. 2023 മേയ് മുതല്‍ ജൂണ്‍ വരെ ചിമ്മിനി വനത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം. 2023 മെയ് 20 നാണ് ശീതള്‍ ലൊക്കേഷനില്‍ എത്തിയത്. 19 ദിവസമായിരുന്നു ശീതളിന്‍റെ ഭാഗം ഷൂട്ട് ചെയ്തത്.
സിനിമയിലെ ഒരു രംഗത്ത് അഞ്ച് അടി താഴ്ചയില്‍ നദിയിലേക്ക് ചാടേണ്ട രംഗം ശീതളിന് അഭിനയിക്കേണ്ടി വന്നു. താഴ്ചയില്‍ ഒരു ബെഡ് ഒഴിച്ച് മറ്റ് സുരക്ഷ സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് ശീതളിന്‍റെ ആരോപണം. ഷൂട്ടിങ്ങിന്‍റെ അവസാന ദിവസമായിരുന്നു ഈ രംഗം ചിത്രീകരിച്ചത്.
നിരവധി ടേക്കുകള്‍ പോയ ചിത്രീകരണം, ആരംഭിച്ചപ്പോള്‍ തന്നെ ബെഡിന്‍റെ സുരക്ഷയില്‍ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു ടേക്കില്‍ ബെഡ് തെന്നിമാറി ശീതളിന് പരുക്ക് പറ്റുകയായിരുന്നു. പരുക്ക് പറ്റിയ ശീതളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. അപകടത്തില്‍ ശീതളിന് കാലിന് സാരമായ പരുക്ക് പറ്റി. പലതവണ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കളെ സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് ശീതള്‍ കോടതിയെ സമീപിച്ചത്.
നായാട്ട്, ഇരട്ട, തിരികെ എന്നീ ചിത്രങ്ങളിലും ശീതൾ തമ്പി അഭിനയിച്ചിട്ടുണ്ട്.