ഡൽഹി മദ്യനയ കേസ്; മനീഷ് സിസോദിയയ്ക്ക് ജാമ്യം

കേസില്‍ വിചാരണ അനന്തമായി നീളുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ജാമ്യം നൽകിയത്
ഡൽഹി മദ്യനയ കേസ്; മനീഷ് സിസോദിയയ്ക്ക് ജാമ്യം
Published on

ഡല്‍ഹി മദ്യനയ കേസില്‍ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഉപാധികളോടെ ജാമ്യം. വിചാരണ നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് ഹാജരാക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. മദ്യവില്‍പന സ്വകാര്യവത്കരിക്കുന്ന ഡല്‍ഹി മദ്യനയം വിവാദമായതിനെ തുടർന്നാണ് ആദ്യം സിബിഐയും പിന്നാലെ ഇഡിയും സിസോദിയയ്ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ഫെബ്രുവരി 26 മുതൽ തിഹാർ ജയിലിലാണ് സിസോദിയ .

കേസില്‍ വിചാരണ അനന്തമായി നീളുന്ന സാഹചര്യത്തില്‍ സിബിഐ, ഇഡി കേസുകളില്‍ ജാമ്യം അനുവദിക്കണമെന്ന സിസോദിയയുടെ ജാമ്യാപേക്ഷയാണ് സുപ്രീംകോടതി പരിഗണിച്ചത്. വാദം കേള്‍ക്കവെ, വിചാരണ നടപടികൾ നീണ്ടുപോകുന്നതിനെ സുപ്രീംകോടതിയും വിമർശിച്ചിരുന്നു. അനന്തമായി വിചാരണ നീളുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. 400ലധികം സാക്ഷികളും ആയിരക്കണക്കിന് രേഖകളും ഉള്ളതിനാൽ തന്നെ സമീപഭാവിയിൽ വിചാരണ പൂർത്തിയാക്കാനുള്ള സാധ്യതയില്ല. അത്തരമൊരു സാഹചര്യത്തിൽ സിസോദിയയെ കസ്റ്റഡിയിൽ നിർത്തുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിൻ്റെ ഗുരുതരമായ ലംഘനത്തിന് കാരണമാകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഹർജിക്കാരൻ വിമാനയാത്ര ഉൾപ്പെടെ നടത്താൻ സാധ്യതയുള്ള ആളല്ല. കേസിലെ മിക്ക തെളിവുകളും ഡോക്യുമെൻ്ററി സ്വഭാവമുള്ളവയാണ്. അവ നേരത്തെ ശേഖരിച്ചിനാൽ തന്നെ ഇനി രേഖകളിൽ കൃത്രിമം നടത്താനുള്ള സാധ്യതയില്ലെന്ന് പറഞ്ഞ കോടതി സിസോദിയയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന ഇഡിയുടെ അഭ്യർഥനയും തള്ളി. കെജ്‍രിവാളിന് ഇടക്കാല ജാമ്യം നൽകിയപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണം സിസോദിയയ്ക്കും വേണമെന്നായിരുന്നു ആവശ്യം. ജാമ്യത്തിനായി സിസോദിയ വിചാരണക്കോടതിയെ സമീപിക്കണമെന്ന ഇഡിയുടെയും സിബിഐയുടെയും വാദവും കോടതി നിരസിച്ചു. ജാമ്യത്തിനായി സിസോദിയയെ വീണ്ടും വിചാരണ കോടതിയിലേക്കും പിന്നീട് ഹൈക്കോടതിയിലേക്കും പറഞ്ഞയക്കുന്നത് ഉൾപ്പെടെ നടപടികൾ ഒരാളെ പാമ്പും ഏണിയും കളിപ്പിക്കുന്നതിന് തുല്യമാണ്. വ്യക്തിസ്വാതന്ത്ര്യത്തിനായി ഒരു പൗരനെ പരക്കം പായിപ്പിക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

മദ്യ നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ ലെഫ്. ഗവര്‍ണർ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. എക്സൈസ് മന്ത്രിയായ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് സിബിആ എഫ്ഐആര്‍ തയ്യാറാക്കിയത്. പിന്നീട് ഇഡിയും കേസെടുക്കുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം സിബിഐ രജിസ്റ്റർ ചെയ്ത കേസിലും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി രജിസ്റ്റർ ചെയ്ത കേസിലും രണ്ട് വ്യത്യസ്ത ജാമ്യഹർജികളാണ് സിസോദിയ സമർപ്പിച്ചിരുന്നത്.  അതേസമയം സിബിഐ അറസ്റ്റിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com