40 കാരനായ ധർമേന്ദ്രയാണ് യുവാക്കളുടെ മർദനത്തിൽ കൊല്ലപ്പെട്ടത്
ഡൽഹിയിൽ പുതുവത്സാരരാവിൽ ഉച്ചത്തിൽ പാട്ടുവെച്ചത് ചോദ്യം ചെയ്ത മധ്യവയസ്കനെ യുവാക്കൾ അടിച്ചുകൊന്നു. പടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി മേഖലയിലാണ് സംഭവം. 40 കാരനായ ധർമേന്ദ്രയാണ് അയൽവാസികളുടെ മർദനത്തിൽ കൊല്ലപ്പെട്ടത്.
ന്യൂ ഇയർ പാർട്ടിയ്‌ക്കിടെ ഉച്ചത്തിൽ സംഗീതം വെച്ചതിനെ ചൊല്ലി ധർമേന്ദർ അയൽവാസികളുമായി വഴക്കിട്ടിരുന്നു. പിന്നാലെയാണ് അയൽവാസികളായ യുവാക്കൾ ഇയാളെ ആക്രമിക്കുന്നത്. പരുക്കേറ്റ് കിടന്ന ധർമേന്ദ്രയെ പുലർച്ചെ ഒരു മണിയോടെ പൊലീസ് ആശുപത്രിയിലെത്തിച്ചു. പിന്നാലെ ഡോക്ടർമാർ ധർമേന്ദ്രയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ധർമേന്ദ്രയുടെ അയൽവാസികളായ പിയൂഷ് തിവാരി(21), സഹോദരൻ കപിൽ (26) എന്നിവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും ചേർന്ന് ധർമേന്ദ്രയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് വ്യക്തമാക്കി.