യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് ജോ ബൈഡന്‍ പിന്മാറി; കമല ഹാരിസിനെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച് പിന്മാറ്റം

പാര്‍ട്ടിയുടെയും രാജ്യത്തിൻ്റേയും താൽപര്യം മുൻനിർത്തിയാണ് പിന്മാറ്റമെന്ന് ബൈഡന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ജോ ബൈഡന്‍
ജോ ബൈഡന്‍
Published on

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പിന്മാറി. വീണ്ടുമൊരു തെരഞ്ഞെടുപ്പിന് ഉദ്ദേശിച്ചിരുന്നെങ്കിലും, പാര്‍ട്ടിയുടെയും രാജ്യത്തിൻ്റേയും താൽപര്യം മുൻനിർത്തിയാണ് പിന്മാറ്റമെന്ന് ബൈഡന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചശേഷമാണ് ബൈഡന്റെ പിന്മാറ്റം. എക്സ് പോസ്റ്റിലൂടെയാണ് ബൈഡന്‍ തീരുമാനം അറിയിച്ചത്.  ഈ ആഴ്ച തന്നെ രാജ്യത്തെ അഭിസംബോധന ചെയ്ത് തീരുമാനം വിശദീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം നടന്ന റിപ്പബ്ലിക്കന്‍ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് ഡെമോക്രാറ്റിക് പാർട്ടിയുടെ തെരഞ്ഞെടുപ്പ് സ്ഥാർഥിത്വത്തെ പരിഹസിച്ചിരുന്നു. ബൈഡനെ ദുർബലനായ വൃദ്ധന്‍ എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുമ്പോഴും,  ബൈഡൻ്റെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് ബൈഡന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ഒരു സിറ്റിംഗ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തില്‍ മത്സരം ഉപേക്ഷിക്കുന്നതും യുഎസ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമാണ്.

ജൂണ്‍ 27ന് റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്‍റുമായ ട്രംപുമായുള്ള സംവാദത്തില്‍ സംഭവിച്ച തിരിച്ചടി മുതല്‍ നിഴലിട്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനും പ്രതിസന്ധിക്കും കൂടിയാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കാന്‍ ബൈഡന്‍ ഒട്ടും യോഗ്യനല്ല എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. അതിന്‍റെ ചുവടുപിടിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ ഭിന്നാഭിപ്രായം രൂപപ്പെട്ടിരുന്നു. എന്നിരുന്നാലും, ബൈഡന്‍റെ സ്ഥാനാര്‍ഥിത്വത്തിലും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ഒരുമിച്ച് നില്‍ക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. ഓഗസ്റ്റ് 19 മുതല്‍ 22 വരെ നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വെന്‍ഷനില്‍ ബൈഡന്‍റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.

നിലവില്‍ മറ്റൊരു പ്രതിസന്ധിയിലേക്ക് കൂടിയാണ് ബൈഡന്‍ പാര്‍ട്ടിയെ തള്ളിവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ശേഷിക്കെ, മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ വൈസ് പ്രസിഡന്റായ കമല ഹാരിസിനാണ് സാധ്യത.  ബൈഡനും കമലയെ തന്നെയാണ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിരിക്കുന്നത്.  കമലയെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടണോ, അതോ മറ്റാരെയെങ്കിലും കണ്ടെത്തേണ്ടി വരുമോ എന്നതാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി. ട്രംപിനെതിരെ നിര്‍ത്താന്‍ ബൈഡനേക്കാള്‍ മികച്ച സ്ഥാനാര്‍ഥി കമലയാണെന്ന അഭിപ്രായങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു.

ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്‍ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത്. അങ്ങനെ തെരഞ്ഞെടുക്കുന്ന ആള്‍ക്ക് തുടര്‍ന്ന് നാല് മാസം മാത്രമായിരിക്കും ട്രംപിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസരം ലഭിക്കുക.  ബൈഡന്റെ അപ്രതീക്ഷിത തീരുമാനം ഭരണത്തിലുള്ള ഡെമോക്രാറ്റുകളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കനത്ത തിരിച്ചടിയാകും നല്‍കുക. അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്യാംപിന് സന്തോഷം നല്‍കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com