
പാരിസ് ഒളിംപിക്‌സ് ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം നിഷാന്ത് ദേവ് പരാജയപ്പെട്ടതിനു പിന്നാലെ മത്സരത്തിന്‍റെ സ്‌കോറിങ്ങ് സംവിധാനത്തില്‍ ആരോപണങ്ങള്‍ ഉയരുന്നു. മുന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്, നടന്‍ റണ്‍ദീപ് ഹൂഡ എന്നിവരാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സിക്കോയുടെ മാര്‍ക്കോ വെര്‍ദെയോടാണ് നിഷാന്ത് പരാജയപ്പെട്ടത്. 4-1നായിരുന്നു തോല്‍വി. ആദ്യ റൗണ്ടില്‍ നിഷാന്തിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ പിന്നീടുള്ള രണ്ട് റൗണ്ടുകള്‍ക്ക് ശേഷം മെക്‌സിക്കന്‍ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യക്കു വേണ്ടി 2008 ഒളിംപിക്‌സില്‍ ബോക്‌സിങ്ങില്‍ വെങ്കലം നേടിയ വിജേന്ദര്‍, നിഷാന്തിന്‍റെ പ്രകടനത്തെ അഭിനന്ദിക്കുകയും മത്സരത്തിന്‍റെ സ്‌കോറിങ് സംവിധാനത്തെ വിമര്‍ശിക്കുകയും ചെയ്തു.
"ഇതെന്ത് സ്‌കോറിങ് സംവിധാനമാണെന്ന് എനിക്കറിയില്ല, കടുത്ത പോരാട്ടമായിരുന്നു. അദ്ദേഹം നല്ല രീതിയില്‍ മത്സരിച്ചു", വിജേന്ദര്‍ എക്‌സില്‍ കുറിച്ചു.
നിഷാന്തില്‍ നിന്നും ഒരു ഒളിംപിക്‌സ് മെഡലാണ് തട്ടിയകറ്റിയതെന്നാണ് നടന്‍ രണ്‍ദീപ് ഹൂഡ പ്രതികരിച്ചത്. "നിഷാന്ത് വിജയിച്ചു. എന്ത് സ്‌കോറിങ്ങാണിത്? മെഡല്‍ അവര്‍ തട്ടിയെടുത്തെങ്കിലും ഹൃദയങ്ങള്‍ നിഷാന്ത് കീഴടക്കി", രണ്‍ദീപ് എക്‌സില്‍ എഴുതി.
ആദ്യ റൗണ്ടില്‍ പിന്നിലായിരുന്ന മാര്‍ക്കോ വെര്‍ദെ തുടര്‍ന്നുള്ള രണ്ട് റൗണ്ടുകളിലും വിജയിച്ചുവെന്ന് അഞ്ച് ജഡ്ജ്മാര്‍ വിധിയെഴുതുകയായിരുന്നു. രണ്ടാം റൗണ്ടില്‍ വെര്‍ദെയുടെ മുഖത്തു തന്നെ ശക്തമായ പഞ്ചുകള്‍ കൊടുക്കാന്‍ നിഷാന്തിനു സാധിച്ചിരുന്നു. എന്നാല്‍ റൗണ്ട് പുരോഗമിച്ചപ്പോള്‍ വെര്‍ദെ നിഷാന്തിനെ സമ്മര്‍ദത്തിലാക്കി. 3-2 എന്ന സ്പ്ലിറ്റ് ഡിസിഷനിലൂടെ റൗണ്ട് വെര്‍ദെക്ക് കിട്ടി. മൂന്നാം റൗണ്ടില്‍ വെര്‍ദെക്ക് അഞ്ച് പോയിന്‍റും നിഷാന്തിന് ഒമ്പത് പോയിന്‍റുമാണ് ലഭിച്ചത്. അവസാന വിധി, വെര്‍ദെക്ക് അനുകൂലമാവുകയായിരുന്നു.
ഇക്വഡോറിന്‍റെ ഹോസെ റോഡ്രിഗസിനെ തോല്‍പ്പിച്ചാണ് നിഷാന്ത് ദേവ് 71 കിലോഗ്രാം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.