ഉര്‍വശിക്ക് ഉള്ളൊഴുക്കിലൂടെ വീണ്ടും അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം: സംവിധായകന്‍ ക്രിസ്‌റ്റോ ടോമി

കഴിഞ്ഞ അഞ്ചോ ആറോ മാസമായിട്ട് ഒരുപാട് മലയാള സിനിമകള്‍ വളരെയധികം തിയേറ്ററുകളില്‍ വിജയിക്കുകയും അവ ഒടിടികളിലൂടെ വലിയ ഒരു കാഴ്ചക്കാരിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.
ഉര്‍വശിക്ക് ഉള്ളൊഴുക്കിലൂടെ വീണ്ടും അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം: സംവിധായകന്‍ ക്രിസ്‌റ്റോ ടോമി
Published on

ഉള്ളൊഴുക്കിലൂടെ ഉര്‍വശിക്ക് വീണ്ടും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ക്രിസ്‌റ്റോ ടോമി. തനിക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നു എന്ന് ഉര്‍വശി പറഞ്ഞതും ഒരുപാട് സന്തോഷം തരുന്ന കാര്യമാണെന്ന് ക്രിസ്‌റ്റോ ടോമി ന്യൂസ് മലയാളത്തോട് പറഞ്ഞു.

'എന്റെ സിനിമയിലൂടെ ചേച്ചിക്ക് വീണ്ടും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ആദ്യ സിനിമയില്‍ തന്നെ ഉര്‍വശി ചേച്ചിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമായി കാണുന്നു. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ ഡെപ്തുള്ള സിനിമകള്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിലെ വൈകാരികമായ സീനുകളും പെര്‍ഫോമന്‍സുമൊക്കെ ആളുകള്‍ ശ്രദ്ധിക്കണം എന്നൊക്കെ ഒരുപാട് ആഗ്രഹിക്കാറുമുണ്ട്,' ക്രിസ്റ്റോ ടോമി പറഞ്ഞു.


ഈ സിനിമയിലൂടെ പാര്‍വതിയുടെയും ഉര്‍വശിയുടെയും പെര്‍ഫോര്‍മന്‍സ് വളരെയധികം ശ്രദ്ധിക്കപ്പെടുകയും എല്ലാവരും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. പലയിടത്തും ഇവരെ രണ്ട് പേരെയും കുറിച്ച് ചര്‍ച്ചകള്‍ ഒക്കെ നടക്കുന്നത് അറിയുമ്പോഴും സന്തോഷമാണ്. മാത്രമല്ല, അവാര്‍ഡ് പരിഗണിക്കുന്നതിന്റെ അവസാന ഘട്ടം വരെ ഉര്‍വശിക്കൊപ്പം പാര്‍വതിയും മത്സരിച്ചിരുന്നു എന്ന് അറിയാന്‍ സാധിച്ചതും വളരെയധികം സന്തോഷം തരുന്ന കാര്യമാണെന്നും ക്രിസ്റ്റോ പറഞ്ഞു.

മലയാള സിനികള്‍ നേരത്തെയും ദേശീയ തലത്തിലും അന്താരാഷ്ട തലത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ പ്രത്യേകിച്ചും കഴിഞ്ഞ അഞ്ചോ ആറോ മാസമായിട്ട് ഒരുപാട് മലയാള സിനിമകള്‍ വളരെയധികം തിയേറ്ററുകളില്‍ വിജയിക്കുകയും അവ ഒടിടികളിലൂടെ വലിയ ഒരു കാഴ്ചക്കാരിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.

താന്‍ ഇപ്പോള്‍ ബോംബെയിലാണ്. ഇവിടെയാണെങ്കിലും ആളുകള്‍ മലയാള സിനിമ കാണുകയും അത് ഫോളോ ചെയ്യുകയും ചെയ്യുന്ന ആളുകളാണ്. മലയാള സിനിമയുടെ വിസിബിലിറ്റി കുറച്ചു നാളുകൊണ്ട് നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ കൂടിയിട്ടുണ്ടെന്നും ക്രിസ്റ്റോ ടോമി പറഞ്ഞു.

ഉര്‍വശിയുടെ മികച്ച നടിക്കുള്ള ആറാമത്തെ സംസ്ഥാന അവാര്‍ഡാണ് ഇത്തവണത്തേത്. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉര്‍വശിക്ക് വീണ്ടും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com