കുടിയേറ്റക്കാരെക്കുറിച്ചുള്ള ട്രംപിൻ്റെ 'ബ്ലാക്ക് ജോബ്' (കറുത്തവരുടെ ജോലി) പരമാർശത്തെ വിമർശിച്ചുകൊണ്ടാണ് ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ മിഷേൽ ഒബാമ കമല ഹാരിസിനെ പിന്തുണച്ചത്.
ട്രംപിൻ്റെ സ്ത്രീവിരുദ്ധ നുണകൾക്കെതിരെ ആഞ്ഞടിച്ച് മിഷേൽ ഒബാമ. ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് കൺവെൻഷനിൽ പ്രസിഡൻ്റ് സ്ഥാനാർഥിയായ കമല ഹാരിസിനു വേണ്ടി സംസാരിക്കുകയായിരുന്നു മിഷേൽ. "എൻ്റെ പെൺകുട്ടി" എന്നാണ് മിഷേൽ കമലയെ വിശേഷിപ്പിച്ചത്.
ആവേശകരമായ പ്രസംഗം ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പു നൽകിക്കൊണ്ടായിരുന്നു അവസാനിച്ചത്. വംശീയ ആക്രമണങ്ങളിൽ ഏർപ്പെട്ടതിന് ഡൊണാൾഡ് ട്രംപിനെ മുൻ പ്രഥമ വനിത വിമർശിച്ചത്. മുൻ പ്രസിഡൻ്റ് ബരാക് ഒബാമയെ ലക്ഷ്യം വച്ചിരുന്ന ട്രംപിൻ്റെ പ്രസ്താവനകളെ "വൃത്തികെട്ടതും സ്ത്രീവിരുദ്ധവും വംശീയവുമായ നുണകളെന്നാണ് അവർ പറഞ്ഞത്.
കുടിയേറ്റക്കാരെക്കുറിച്ചുള്ള ട്രംപിൻ്റെ 'ബ്ലാക്ക് ജോബ്' (കറുത്തവരുടെ ജോലി) പരമാർശത്തെ വിമർശിച്ചുകൊണ്ടാണ് ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ മിഷേൽ ഒബാമ കമല ഹാരിസിനെ പിന്തുണച്ചത്. യുഎസ് പ്രസിഡൻസിയും ഇപ്പോൾ ഒരു 'ബ്ലാക്ക് ജോബ് ആയേക്കുമെന്നും മിഷേൽ പറഞ്ഞു. രാജ്യത്ത് സമ്പന്നരല്ലാത്ത അമേരിക്കക്കാർ നേരിടുന്ന വെല്ലുവിളികളും അവർ എടുത്തുപറഞ്ഞു.
Also Read : അയാൾക്ക് കമലയോട് തോൽക്കാൻ ഭയം; പാർട്ടി കൺവെൻഷനിൽ ട്രംപിനെതിരെ ആഞ്ഞടിച്ച് ഒബാമ
അമേരിക്കൻ എന്ന വിശേഷണം ആരുടെയും കുത്തകയല്ലെന്നും മിഷേൽ പറഞ്ഞു. യുഎസ് വൈസ് പ്രസിഡൻ്റിനെ 'കുടിയേറ്റക്കാരുടെ കുട്ടി' എന്ന് ട്രംപ് അടുത്തിടെ നടത്തിയ പരാമർശത്തെ പ്രതിരോധിച്ചായിരുന്നു മിഷേലിൻ്റെ വാക്കുകൾ. സമ്മേളനത്തിൽ കമലാ ഹാരിസ് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ടാൽ, യുഎസ് പ്രസിഡൻ്റാകുന്ന ആദ്യത്തെ കറുത്തവർഗക്കാരിയും ദക്ഷിണേഷ്യൻ വ്യക്തിയുമാകും അവർ.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കമല ഹാരിസിനോട് തോൽക്കാൻ ഡൊണാൾഡ് ട്രംപിന് ഭയമാണെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക്ക് ഒബാമ നേരത്തെ പറഞ്ഞിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിടെയാണ് ഒബാമ ട്രംപിനെതിരെ ആഞ്ഞടിച്ചത്.