ഉമാ തോമസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ, വെന്‍റിലേറ്ററിൽ തുടരേണ്ടതുണ്ടെന്നുമാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്
ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് സംഘം സന്ദര്‍ശനം നടത്തിയത്. ഡോ. ജയകുമാറിനെ കൂടാതെ കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഫിലിപ്പ് ഐസക്, എറണാകുളം മെഡിക്കല്‍ കോളേജിലെ പള്‍മണോളജി വിഭാഗം പ്രൊഫസര്‍ ഡോ. വേണുഗോപാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഉമാ തോമസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ, വെന്‍റിലേറ്ററിൽ തുടരേണ്ടതുണ്ടെന്നുമാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്. ആശുപത്രിയിലെ മെഡിക്കല്‍ സംഘവുമായി ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ട്രീറ്റ്‌മെന്റ് പ്ലാന്‍ ചര്‍ച്ച ചെയ്തു. മന്ത്രി വീണാ ജോര്‍ജ് ഈ സംഘവുമായി ആശയവിനിമയം നടത്തി. ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്നും കൃത്യമായ രീതിയില്‍ ചികിത്സ തുടരുന്നുണ്ടെന്നും സംഘം വിലയിരുത്തി.
ALSO READ: ഉമ തോമസ് എംഎൽഎ താഴെ വീഴുന്ന അപകട ദൃശ്യം പുറത്ത് | VIDEO
തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിൽ തന്നെ തുടരുന്ന ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതിയിൽ ഇന്നലത്തേതിലും മാറ്റമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. എക്സ്- റേയിൽ നീർക്കെട്ട് കണ്ടു. രണ്ട് ദിവസം കൂടി വെൻ്റിലേറ്ററിൽ തുടരും. വെൻ്റിലേറ്റർ മാറ്റുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസം ഉമ തോമസ് പുതുവത്സരാശംസകള്‍ നേര്‍ന്നതായും ശരീരമാകെ ചലിപ്പിക്കുകയും ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
ഡിസംബർ 29ന് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിക്കുകയായിരുന്നു.