ജൂൺ 5 ന് ഭൂമിയിൽ നിന്നും പുറപ്പെട്ട പേടകം ജൂൺ ആറിനാണ് അവിടെയെത്തുന്നത്
ഇക്കഴിഞ്ഞ ജൂൺ 5നാണ് സുനിതാ വില്യംസും സഹയാത്രികനായ ബച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ബഹിരാകാശത്തേക്ക് ആളുകളെ കൊണ്ടു പോകാനും തിരികെ കൊണ്ടു വരാനുമുള്ള ബഹിരാകാശ പേടകത്തിൻ്റെ ശേഷി തെളിയിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. സുനിത വില്യംസിൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്ര. ബോയിങ് സ്റ്റാർലൈൻ്റെ ആദ്യയാത്രയും. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് പോയതെങ്കിലും 80 ദിവസം കഴിഞ്ഞിട്ടും തിരിച്ചു വരാൻ കഴിയാതെ ബഹിരാകാശത്ത് കുടുങ്ങി കിടക്കുകയാണ് സുനിതാ വില്യംസും സഹയാത്രികനും.
ജൂൺ 5 ന് ഭൂമിയിൽ നിന്നും പുറപ്പെട്ട പേടകം ജൂൺ ആറിനാണ് അവിടെയെത്തുന്നത്. തുടക്കം മുതൽ സാങ്കേതിക പിഴവുകൾ കണ്ടെത്തിയിരുന്ന സ്റ്റാർലൈനർ പേടകത്തിൻ്റെ തിരിച്ച് വരവിന് തടസ്സമായതും ഇത് തന്നെയാണ്.
ദൗത്യം എന്തായിരുന്നു?
ബഹിരാകാശത്തേക്ക് ആളുകളെ കൊണ്ടു പോകാനും തിരികെ കൊണ്ടു വരാനുമുള്ള ബഹിരാകാശ പേടകത്തിൻ്റെ കഴിവ് തെളിയിക്കുക എന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ലക്ഷ്യം. നാസയുടെ കൊമേർഷ്യൽ ക്രൂ പ്രോഗ്രാമിൻ്റെ ഭാഗമായി ഇലോൺ മസ്കിൻ്റെ സ്പെയ്സ് എക്സുമായി ചേർന്ന് സ്പേസ് എജൻസിയിലേക്കുള്ള ട്രാൻസ്പോർട്ടേഷൻ സുഗമമാക്കുക എന്ന ലക്ഷ്യത്തിന് നിർണായകമായിരുന്നു ഈ ദൗത്യം.
എന്തുകൊണ്ട് സുനിതയെ തിരിച്ചെത്തിക്കാനാവുന്നില്ല?
സുനിത വില്യംസിൻ്റെ മൂന്നാം ബഹിരാകാശ നിലയ സന്ദർശനമാണെങ്കിലും ബോയിങ് സ്റ്റാർലൈനിൻ്റെ കന്നിയാത്രയായിരുന്നു ഇത്. തുടക്കത്തിൽ തന്നെ ചെറിയ സാങ്കേതിക തകരാറു മൂലം രണ്ട് തവണ വിക്ഷേപണം മാറ്റി വെച്ച ശേഷമുള്ള യാത്ര. ഒടുവിൽ വിജയകരമായി ജൂൺ ആറിന് ബഹിരാകാശ നിലയത്തിൽ എത്തിയെങ്കിലും ജൂൺ 14 ന് തിരിച്ചെത്തേണ്ട പേടകം ഇതുവരെ തിരിച്ചെത്തിക്കാനായിട്ടില്ല.
പ്രധാന തടസമായി നാസ പറയുന്നത് പേടകത്തിലെ ഹീലിയം ചോർച്ചയാണ്. പേടകത്തിലെ നിരവധി ചെറിയ ഹീലിയം ചോർച്ചകൾ തിരികെയുള്ള യാത്രയ്ക്ക് സുരക്ഷിതമാവില്ലെന്നാണ് റിപ്പോർട്ടുകൾ.കൂടാതെ പേടകത്തിൻ്റെ സഞ്ചാരം സുഗമമാക്കാനും ദിശമാറ്റാനും സഹായകമാകുന്ന അഞ്ച് ത്രസ്റ്റേഴ്സ് ഉപയോഗ ശൂന്യമായ നിലയിലാണുള്ളത് എന്നതും തിരിച്ചു വരവ് പ്രശ്നത്തിലാക്കുന്നു. പ്രൊപ്പൽഷന് അന്ത്യന്താപേക്ഷിതമായ വാൽവുകളിലുള്ള തകരാറും പേടകത്തിൻ്റെ തിരിച്ച് വരവിന് ഭീഷണിയുയർത്തുന്നുണ്ട്.
ആരോഗ്യത്തെ ബാധിക്കുന്നതെങ്ങിനെ?
ഇവരുടെ തിരിച്ച് വരവ് പോലെ തന്നെ പ്രധാനമാണ് ആരോഗ്യവും. ദീർഘകാലം ബഹിരാകാശ നിലയിത്തിൽ തുടരേണ്ടി വരുന്നത് യാത്രികരുടെ ആരോഗ്യത്തിനും കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ശരീരത്തിലെ കാർഡിയോ വാസ്കുലാർ സിസ്റ്റത്തെ ഇത് തകരാറിലാക്കുമെന്നും അസ്ഥിക്ഷയത്തിന് കാരണമായേക്കുമെന്നും വിദഗ്ധർ പറയുന്നു. മാത്രമല്ല നിരന്തരമായ റേഡിയേഷൻ ഡിഎൻഎ മ്യൂട്ടേഷന് വരെ കാരണമാവുകയും ജനറ്റിക് ഡിസോർഡേഴ്സിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു. കൂടാതെ, ഭൂമിയുടെ കവചം ബഹിരാകാശ നിലയത്തിൽ ഇല്ലാത്തതിൽ ദോഷകരമായ കണികകളുമായുള്ള സമ്പർക്കം കൂടുന്നതിനും ഇത് കാരണമാകുന്നു. ഇതിന് പുറമേ മൈക്രോ ഗ്രാവിറ്റി മൂലമുണ്ടാകുന്ന ഫ്ലൂയിഡ് ഗ്രാവിറ്റിവിറ്റി ചിന്തിക്കാനും തീരുമാനങ്ങളുമെടുക്കുവാനുമുള്ള കഴിവുകളെ പോലും ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
ഇത്തരം സാധ്യതകളൊക്കെയും കൃത്യമായ ഡയറ്റും വ്യായാമവും ഉപയോഗിച്ചാണ് ഒരു പരിധി വരെ യാത്രികർ പ്രതിരോധിക്കുന്നത്.
എങ്ങിനെ തിരിച്ചെത്തിക്കും?
ബഹിരാകാശനിലയത്തില്‍ ഇരുവരും സുരക്ഷിതരാണെന്നും ആവശ്യത്തിന് ഭക്ഷണവും മറ്റും ഉണ്ടെന്നും നാസ അറിയിച്ചിട്ടുണ്ടെങ്കിലും രണ്ട് പേരെയും എങ്ങിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാം എന്നതാണ് നാസയ്ക്ക് മുന്നിൽ നിലവിലുള്ള വെല്ലുവിളി. ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിൻറെ ഡ്രാഗൺ പേടകം ഉപയോഗിച്ച് തന്നെ ഇവരെ തിരിച്ചെത്തിക്കുവാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അതിനായി പക്ഷേ 2025 ഫെബ്രുവരി വരെ ഇരുവര്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കാത്തിരിക്കേണ്ടി വരും..