മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികള്‍ പനിബാധിച്ച് ചികിത്സയിലുള്ളത്. കോഴിക്കോട്, തൃശൂർ ജില്ലകളിലും പനിബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.
പ്രതീകാത്മക ചിത്രം
അഞ്ചുദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ശനിയാഴ്ച ആരോഗ്യ വകുപ്പ് പനിബാധിതരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഇതുപ്രകാരം, ജൂലൈ മാസം 6 വരെ സംസ്ഥാനത്ത് അരലക്ഷത്തിലേറെ പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ശനിയാഴ്ച മാത്രം പനിബാധിച്ച് ചികിൽസ തേടിയത് 11050 പേരാണ്.
ഇതില്‍ 159 പേർക്ക് ഡെങ്കിപ്പനിയും 96 പേര്‍ക്ക് മഞ്ഞപ്പിത്തവും 42 പേർക്ക് എച്ച് 1 എൻ1 ഉം 8 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ശനിയാഴ്ച മൂന്നുപേർ കൂടി മരിച്ചതോടെ ഈ മാസം പനിമൂലം മരിച്ചവരുടെ എണ്ണം 15 ആയി. കഴിഞ്ഞ മാസം 75 പേരാണ് വിവിധ പകര്‍ച്ചപ്പനികള്‍ ബാധിച്ച് മരിച്ചത്. ഈ വർഷം ഡെങ്കി ബാധിച്ച് 22 പേരും എലിപ്പനി ബാധിച്ച് 64 പേരും എച്ച് 1 എൻ1 ബാധിച്ച് 14 പേരും മരിച്ചു.
ആറുദിവസത്തിനിടെ 652 ഡെങ്കിപ്പനി കേസുകളാണ് കേരളത്തില്‍ സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ 200 എച്ച് 1 എൻ1 കേസുകളും 77 എലിപ്പനി കേസുകളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 8654 ആയി. 1211 പേർക്ക് എലിപ്പനിയും 747 പേർക്ക് എച്ച് 1 എൻ1 ഉം ഈ മാസം സ്ഥിരീകരിച്ചു. ജൂലൈയില്‍ 6 പേർക്ക് കൂടി വെസ്റ്റ് നൈല്‍ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 26 ആയി.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികള്‍ പനിബാധിച്ച് ചികിത്സയിലുള്ളത്. കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലും പനിബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകളുള്ളത്. തിരുവനന്തപുരത്തും കൊല്ലത്തുമാണ് താരതമ്യേന കേസുകള്‍ കുറവ്.
ശമ്പള പ്രതിസന്ധിയെ തുടർന്ന് എന്‍എച്ച്എം ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെയാണ് ദിവസേനയുള്ള രോഗ വിവരങ്ങളുടെ പ്രസിദ്ധീകരണം ജൂലൈ 1ന് ആരോഗ്യവകുപ്പ് നിർത്തിവെച്ചത്. ഇന്നലെ എന്‍എച്ച്എം ജീവനക്കാര്‍ക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതോടെ വെബ്‌സൈറ്റില്‍ കണക്ക് പ്രസിദ്ധീകരിച്ചു തുടങ്ങി.