ശബരിമലയും പരിസര പ്രദേശങ്ങളും പൂർണ ലഹരി നിരോധിത മേഖലയാണ്
ലഹരി വിമുക്ത ശബരിമലയെന്ന ലക്ഷ്യത്തിൽ പരിശോധന ശക്തമാക്കി എക്സൈസ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലായി എക്സൈസ് സംഘം നടത്തിയ 65 റെയ്ഡുകളിലായി 195 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ശബരിമലയും പരിസര പ്രദേശങ്ങളും പൂർണ ലഹരി നിരോധിത മേഖലയാണ്. നിയമം ലംഘിച്ച് ലഹരി വസ്തുക്കൾ സൂക്ഷിക്കുന്നവർക്കെതിരെ കർശന നടപടിയാണ് എക്സൈസ് സംഘം കൈക്കൊള്ളുന്നത്. മകരവിളക്ക് തീർഥാടനത്തിനായി നടതുറന്ന ശേഷം ആദ്യ മൂന്ന് ദിവസങ്ങളിൽ പമ്പയിൽ 16 റെയ്‌ഡുകൾ നടത്തി 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കി. നിലയ്ക്കലിൽ 33 റെയ്‌ഡുകൾ നടത്തുകയും 72 കേസുകളിലായി 14,400 രൂപ പിഴ ഈടാക്കുകയും സന്നിധാനത്ത് 16 റെയ്‌ഡുകൾ നടത്തി 40 കേസുകളിലായി 8,000 രൂപ പിഴയീടാക്കുകയും ചെയ്തു. പമ്പയിൽ 8 ഹോട്ടലുകളിലും ഏഴ് ലേബർ ക്യാംപുകളിലും, നിലയ്ക്കലിൽ 16 ഹോട്ടലുകളിലും 11 ലേബർ ക്യാംപുകളിലും, സന്നിധാനത്ത്
ഒൻപത് ലേബർ ക്യാമ്പുകളിലുമാണ് പരിശോധനകൾ നടന്നത്.
Also Read: ഉമ തോമസിന് പരുക്കേറ്റ സംഭവം: മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാർ അറസ്റ്റിൽ
തൊഴിലാളികളിൽ നിന്നും തീർഥാടകരിൽ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം നശിപ്പിച്ചു കളഞ്ഞു.