വധ ശിക്ഷയ്ക്ക് വിധിക്കണമെന്നാണ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നതെന്നും കുടുംബം
പെരിയ ഇരട്ടക്കൊലപാതക കേസില്‍ കോടതി വിധിയിൽ പ്രതികരണവുമായി കൊല്ലപ്പെട്ടവരുടെ കുടുംബം. പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. വധ ശിക്ഷയ്ക്ക് വിധിക്കണമെന്നാണ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നതെന്നും ശരത് ലാല്‍, കൃപേഷ് എന്നിവരുടെ കുടുംബം പറഞ്ഞു. എംഎൽഎമാർക്കെല്ലാം ലഭിച്ചത് അഞ്ച് വർഷം മാത്രമാണ്. അവർക്ക് കൂടി ജീവപര്യന്തം ലഭിക്കണമായിരുന്നുവെന്നും കുടുംബം പ്രതികരിച്ചു.
എംഎൽഎമാർ ഉൾപ്പെടെയുള്ളവർക്ക് ശിക്ഷ കുറഞ്ഞുപോയതിൽ പാർട്ടിയുമായും, പ്രോസിക്യൂട്ടറുമായും ആലോചിച്ച് ഏതറ്റം വരെയും പോകും. പ്രതികൾക്കെല്ലാം പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം എന്ന് തന്നെയാണ് തീരുമാനമെന്നും കുടുംബം വ്യക്തമാക്കി. ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്ക് വധ ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. അത്തരത്തിലുള്ള കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ ശിക്ഷ കുറഞ്ഞു പോയെന്നും കുടുംബം പറഞ്ഞു.
ഞങ്ങൾക്ക് ഞങ്ങളുടെ ഏട്ടൻമാരെയാണ് നഷ്ടപ്പെട്ടത്. ആ നഷ്ടം ഇപ്പോഴും നഷ്ടം തന്നെയാണ്. വിധിയോടെ മറ്റാർക്കും ഈ അവസ്ഥ വരരുതെന്നാണ് ആഗ്രഹിച്ചത്. എന്നാൽ വിധി കുറഞ്ഞുപോയി. തുടർനടപടികൾ പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബം വ്യക്തമാക്കി.
ആറ് വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിൽ ഇന്നാണ് പെരിയ ഇരട്ട കൊലപാതകക്കേസിൽ കോടതി ശിക്ഷ വിധിച്ചത്. കേസിലെ ഒന്നു മുൽ എട്ടുവരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും, പത്തും, പതിനഞ്ചും പ്രതികൾക്ക് ഇരട്ട ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. മറ്റ് പ്രതികൾക്ക് അഞ്ചു വർഷം തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കൊച്ചി സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.