രണ്ട് ആക്രമണങ്ങളിലെയും പ്രതികൾ അമേരിക്കൻ സൈന്യത്തിലെ വിമുക്തഭടന്മാരാണെന്നതാണ് എഫ്ബിഐ മുന്നോട്ട് വെക്കുന്ന പ്രധാന വിഷയം
അമേരിക്കയിലെ ന്യൂ ഓർലിയാൻസിൽ പുതുവർഷ ദിനത്തിലുണ്ടായ ഭീകരാക്രമണവും, നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഹോട്ടലിന് മുന്നിലുണ്ടായ സ്ഫോടനവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് എഫ്ബിഐ. രണ്ട് പ്രതികളും തമ്മിലുള്ള സാമ്യതകളാണ് എഫ്ബിഐയെ അന്വേഷണത്തിലേക്കെത്തിച്ചത്. 15 പേരുടെ മരണത്തിനിടയാക്കിയ ന്യൂ ഓർലിയൻസ് ഭീകരാക്രമണവും ലാസ് വെഗാസിലെ ടെസ്‌ല സ്‌ഫോടനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷണം നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ലാസ് വെഗാസിൽ സ്‌ഫോടനം നടത്തിയ 37 കാരനായ മാത്യു ലിവൽസ്‌ബെർഗർ അമേരിക്കൻ സൈന്യത്തിലെ വിമുക്തഭടനായിരുന്നു. ന്യൂ ഓർലിയാൻസിൽ പിക്ക്-അപ്പ് ട്രക്ക് ഓടിച്ചിരുന്ന ഷംസുദ് ദിൻ ജബ്ബാറും യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടുപേരും ഒരേ സൈനിക താവളത്തിൽ സേവനമനുഷ്ഠിച്ചുവെന്നതാണ് കൂടുതൽ കൗതുകകരമായ കാര്യം.
രണ്ട് ആക്രമണങ്ങളിലെയും പ്രതികൾ അമേരിക്കൻ സൈന്യത്തിലെ വിമുക്തഭടന്മാരാണെന്ന ഈ വസ്തുത തന്നെയാണ് എഫ്ബിഐ മുന്നോട്ട് വെക്കുന്ന പ്രധാന വിഷയം. അതിനാൽ ആക്രമണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ ഒരു സമാന്തര അന്വേഷണം ആരംഭിക്കാൻ എഫ്ബിഐ തീരുമാനിച്ചു. ന്യൂ ഓർലിയാൻസിലുണ്ടായ ആക്രമണം ഐഎസുമായി ബന്ധമുള്ള ഭീകരാക്രമണമായി പ്രഖ്യാപിച്ചിരിക്കെ, ലാസ് വെഗാസിലുണ്ടായ ആക്രമണത്തിൽ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.
വ്യാഴാഴ്ചയാണ് ഡൊണാൾഡ് ട്രംപിൻ്റെ ഹോട്ടലിന് മുന്നിൽ ടെസ്ലയുടെ ട്രക്ക് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെടുകയും ഏഴോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസും, നെവാഡയിലെ ക്ലാർക്ക് കൗണ്ടി ഫയർ ഡിപ്പാർട്ട്മെൻ്റും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്.സംഭവസ്ഥലം പരിശോധിച്ചപ്പോൾ സൈബർട്രക്കിനുള്ളിൽ പെട്രോൾ ക്യാനിസ്റ്ററുകളും വലിയ പടക്കമുള്ള മോർട്ടാറുകളും എഫ്ബിഐ കണ്ടെത്തി.
ALSO READ: ന്യൂ ഓർലിയൻസ് ഭീകരാക്രമണം: പ്രതി ഷംസൂദിൻ്റെ ആക്രമണം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട ശേഷം
പുതുവത്സര ദിനത്തിൽ അതിരാവിലെയാണ് ന്യൂ ഓർലിയാൻസിൽ ഭീകരാക്രമണമുണ്ടായത്. 42 കാരനായ ഷംസൂദ് ദിൻ ജബ്ബാർ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. പൊലീസുമായുണ്ടായ വെടിവെപ്പിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ആക്രമണം നടത്തുമ്പോൾ ജബ്ബാർ ശരീര കവചം ധരിച്ചിരുന്നു. ഇയാളുടെ വാടകയ്‌ക്കെടുത്തതെന്ന് കരുതപ്പെടുന്ന വാഹനത്തിൽ കറുത്ത കൊടി കെട്ടിയിരുന്നു. എന്നാൽ ഈ പതാക ഏത് സംഘടനയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമല്ല.
ന്യൂ ഓർലിയൻസിലെ വിനോദ സഞ്ചാര മേഖലയായ ബേർബൺ തെരുവിലായിരുന്നു സംഭവം. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 30ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തെ 'തീവ്രവാദി ആക്രമണം' എന്നാണ് ന്യൂ ഓർലിയൻസ് മേയർ കാൻട്രൽ വിശേഷിപ്പിച്ചത്. ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചു കയറ്റിയ ശേഷം ഡ്രൈവർ വെടിയുതിർത്തെന്നാണ് റിപ്പോർട്ടുകൾ. വെടിവെപ്പിൽ രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തു എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയതായും ഇതിനെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും എഫ്ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.