മോദിയുടെ കടുത്ത വിമർശകൻ; ഇഎംഎസിനെ മാതൃകയാക്കി 'പത്മ ഭൂഷൺ' നിരസിച്ച ബുദ്ധദേബ് ഭട്ടാചാര്യ

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ രാജ്യത്തിൻ്റെ മതേതര ഐക്യം തകരുമെന്നായിരുന്നു ബുദ്ധദേബ് പറഞ്ഞത്. ബംഗാളിലെ മുതിർന്ന സിപിഎം നേതാവായ ജ്യോതി ബസുവിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്കിടെ ആയിരുന്നു ഈ പ്രസ്താവന.
മോദിയുടെ കടുത്ത വിമർശകൻ; ഇഎംഎസിനെ മാതൃകയാക്കി 'പത്മ ഭൂഷൺ' നിരസിച്ച ബുദ്ധദേബ് ഭട്ടാചാര്യ
Published on

2013 ജൂലൈയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയതിനെതിരെ ശക്തമായ വാക്കുകളിലൂടെയാണ് ബുദ്ധദേബ് ഭട്ടാചാര്യ പ്രതികരിച്ചത്. അയാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ രാജ്യത്തിൻ്റെ മതേതര ഐക്യം തകരുമെന്നായിരുന്നു ബുദ്ധദേബ് പറഞ്ഞത്. ബംഗാളിലെ മുതിർന്ന സിപിഎം നേതാവായ ജ്യോതി ബസുവിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്കിടെ ആയിരുന്നു ഈ പ്രസ്താവന.

ഒരു ദശാബ്ദക്കാലമിപ്പുറത്തും പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയോടുള്ള രാഷ്ട്രീയ വിയോജിപ്പ് ബുദ്ധദേബ് ഭട്ടാചാര്യ തുടർന്നു. ബിജെപിയോടും സംഘപരിവാർ ആശയങ്ങളോടും കലഹിച്ച ബുദ്ധദേബ് തനിക്ക് പ്രഖ്യാപിച്ച പത്മഭൂഷൺ നിരസിച്ചാണ് തൻ്റെ പ്രതിഷേധമറിയിച്ചത്. 2022 ജനുവരി 25നാണ് ബുദ്ധദേബ് ഭട്ടാചാര്യ രാജ്യം അദ്ദേഹത്തിന് നൽകിയ പത്മഭൂഷൺ ബഹുമതി വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്. പൊതുമേഖലയിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ആഭ്യന്തര വകുപ്പാണ് അദ്ദേഹത്തെ പത്മ പുരസ്കാര പട്ടികയിലേക്ക് പരിഗണിച്ചിരുന്നത്.


ബുദ്ധദേബ് ഭട്ടാചാര്യയുടെ ആദ്യപ്രതികരണം

ബംഗാളിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയായ ബുദ്ധദേബ് ഭട്ടാചാര്യയുടെ വസതിയിലേക്ക്, ജനുവരി 25ന് ഉച്ചയ്ക്ക് ശേഷം ഫോണിലൂടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിവരം ഔദ്യോഗികമായി അറിയിക്കുന്നത്. ഇതിന് ശേഷമാണ് ബുദ്ധദേബിൻ്റെ ഭാര്യയായ മീര സിപിഎം നേതൃത്വത്തെ മുൻ മുഖ്യമന്ത്രിയുടെ തീരുമാനം അറിയിക്കുന്നത്. പത്മഭൂഷൺ പുരസ്കാരം ബുദ്ധദേബ്ജി സ്വീകരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നാണ് അവർ നേതൃത്വത്തെ അറിയിച്ചത്.

അന്ന് വൈകിട്ടോടെ സിപിഎം മുതിർന്ന നേതാവിൻ്റെ തീരുമാനം വാർത്താക്കുറിപ്പായി തന്നെ പുറത്തിറക്കി. "പത്മഭൂഷൺ പുരസ്കാരത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല. ഇതേക്കുറിച്ച് ആരും എന്നോട് ഒന്നും പറയുകയുണ്ടായില്ല. എനിക്ക് അവാർഡ് പ്രഖ്യാപിച്ചിരിക്കുകയാണെങ്കിൽ, അത് വേണ്ടെന്ന് വെക്കുന്നു," എന്നായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യയുടെ പ്രതികരണം.

ബാബരി മസ്ജിദ് പൊളിച്ച കല്ല്യാൺ സിംഗിന് പത്മ വിഭൂഷണോ?

2022ൽ മോദി സർക്കാർ ബുദ്ധദേബ് ഭട്ടാചാര്യക്ക് പത്മ ഭൂഷൺ പ്രഖ്യാപിച്ചതിനൊപ്പം തന്നെ, ബിജെപി നേതാവായ കല്ല്യാൺ സിംഗിന് പത്മ വിഭൂഷൺ പ്രഖ്യാപിച്ചതും അന്ന് മുതിർന്ന സിപിഎം നേതാവിനെ പ്രകോപിപ്പിച്ചു. ബാബരി മസ്ജിദ് പൊളിച്ച സംഭവത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായിരുന്നു കല്ല്യാൺ സിംഗ് എന്നാണ് കമ്മ്യൂണിസ്റ്റ് നേതൃത്വം വിലയിരുത്തുന്നത്. അങ്ങനൊരാൾക്ക് പത്മവിഭൂഷണും, ബുദ്ധദേബിന് പത്മഭൂഷണും നൽകിയതിലും സിപിഎം നേതൃത്വത്തിന് പരാതിയുണ്ടായിരുന്നു.

പുരസ്കാരം തിരസ്കരിക്കുന്ന മൂന്നാമത്തെ കമ്മ്യൂണിസ്റ്റ് നേതാവ്

രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ, പത്മ പുരസ്കാരങ്ങൾ തിരസ്കരിക്കുന്ന ആദ്യത്തെ നേതാവായിരുന്നില്ല ബുദ്ധദേബ് ഭട്ടാചാര്യ. 1992ൽ നരസിംഹ റാവു സർക്കാർ പ്രഖ്യാപിച്ച പത്മ വിഭൂഷൺ പുരസ്കാരം തിരസ്കരിച്ച് കേരളത്തിലെ ആദ്യത്തെ സിപിഎം മുഖ്യമന്ത്രിയായിരുന്ന ഇം.എം.എസ്. നമ്പൂതിരിപ്പാടാണ് ഇത്തരത്തിലൊരു രാഷ്ട്രീയ തീരുമാനമെടുത്ത ആദ്യത്തെ കമ്മ്യൂണിസ്റ്റ് നേതാവ്. "സിപിഎം നേതാക്കൾ സർക്കാർ പുരസ്കാരങ്ങൾ സ്വീകരിക്കുന്ന കീഴ്‌വഴക്കമില്ല," എന്നായിരുന്നു അന്നത്തെ ഇ.എം.എസിൻ്റെ പ്രതികരണം.

'ഭാരത് രത്ന' നിരസിച്ച ശേഷം ജ്യോതി ബസു പറഞ്ഞത്

സമാനമായി 2008ലും, ബംഗാളിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ ജ്യോതി ബസു രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന പുരസ്കാരം തിരസ്കരിച്ചു. മൻമോഹൻ സർക്കാരാണ് അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവിന് ഭാരത് രത്ന പ്രഖ്യാപിച്ചത്.

'ഭാരത് രത്ന' നിരസിച്ച ശേഷം അന്ന് ജ്യോതി ബസു പറഞ്ഞ വാചകങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. "കമ്മ്യൂണിസ്റ്റുകൾ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ അംഗീകാരമാണ് പാർട്ടി നേതാക്കൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരം," എന്നാണ് ജ്യോതി ബസു അന്ന് പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com