ആഗോള സാമ്പത്തിക പ്രകടനം അനിശ്ചിതത്വത്തിലായിട്ടും ആഭ്യന്തര വളർച്ചാ പ്രേരകങ്ങള്‍ 2024ലെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണച്ചു.
നിര്‍മല സീതാരാമന്‍
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമെന്ന് 2023-24 സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. കോവിഡ് തിരിച്ചടിയില്‍നിന്ന് സാമ്പത്തിക രംഗം കരകയറുകയാണ്. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സാധിച്ചു. നടപ്പുസാമ്പത്തികവര്‍ഷം 6.5 മുതല്‍ ഏഴ് ശതമാനം വരെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നതായും സര്‍വെ പറയുന്നു. ബിജെപി നേതൃത്വത്തിള്ളു എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിനു മുന്നോടിയായാണ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ സര്‍വെ സഭയില്‍വച്ചത്.
ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഭാവി ശോഭനമാണന്ന് സര്‍വെ പറയുന്നു. ആഗോള സാമ്പത്തിക പ്രകടനം അനിശ്ചിതത്വത്തിലായിട്ടും ആഭ്യന്തര വളർച്ചാ പ്രേരകങ്ങള്‍ 2024ലെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണച്ചു. അടുത്ത സാമ്പത്തികവര്‍ഷം, അതായത് 2024-25ല്‍ 6.5-7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. തൊഴിലില്ലായ്മ കുറയും. പ്രശ്നസങ്കീര്‍ണമല്ലാത്ത മണ്‍സൂണ്‍ പ്രതീക്ഷകള്‍, ഇറക്കുമതി തീരുവയില്‍ ആഗോളതലത്തില്‍ സംഭവിച്ചിട്ടുള്ള ഇടിവ് എന്നിവ റിസര്‍വ് ബാങ്കിന്റെ പണപ്പെരുപ്പ പ്രവചനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും വില സ്ഥിരത ഉറപ്പാക്കിക്കൊണ്ട് വെല്ലുവിളികളെ നേരിടാൻ പാകത്തിന് ഇന്ത്യയുടെ നയം കാര്യക്ഷമമായി. ആരോഗ്യകരമായ കോർപ്പറേറ്റ്, ബാങ്ക് ബാലൻസ് ഷീറ്റുകൾ സ്വകാര്യ നിക്ഷേപത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാമ്പത്തിക സര്‍വെ പറയുന്നു.
ALSO READ : ഈ വർഷത്തെ ബജറ്റ് 2047ലേക്കുള്ള റൂട്ട് മാപ്പ്; മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
അതേസമയം, ഭൗമരാഷ്ട്രീയ മേഖലയില്‍ സംഭവിക്കുന്ന ഏറ്റുക്കുറച്ചിലുകളും അതിന്റെ ആഘാതവും റിസര്‍വ് ബാങ്കിന്റെ പണ നയ നിലപാടുകളെ ബാധിച്ചേക്കാമന്ന് സര്‍വെ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധങ്ങളും സംഘർഷങ്ങള്‍ക്കുമൊപ്പം, അമേരിക്കയിലും യൂറോപ്പിലും വരുന്ന രാഷ്ട്രീയ മാറ്റങ്ങളും വിപണിയില്‍ നിര്‍ണായകമാകുമെന്നും സര്‍വെ പറയുന്നു. ചില്ലറവിൽപ്പനയിൽ പണപ്പെരുപ്പം 5.4 ശതമാനത്തിലേക്കു താഴ്ന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 6.7 ശതമാനമായിരുന്നു. പ്രതിസന്ധികൾ ഉണ്ടെങ്കിലും ഇന്ത്യക്ക് ശുഭകരമാകും സ്ഥിതിയെന്നുമാണ് സർവെയുടെ പ്രവചനം. നാളെ അവതരിപ്പിക്കുന്ന ബജറ്റിൽ വലിയ തോതിൽ സ്വകാര്യ നിക്ഷേപം ക്ഷണിക്കാനുള്ള സാധ്യതയും സർവെ പറഞ്ഞുവയ്ക്കുന്നു.
ധനമന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിൽ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയുടെ വിലയിരുത്തലുകളാണ് ഉള്ളത്. രാജ്യത്തിന്റെ സമ്പദ് ഘടന, വളര്‍ച്ച, നയ മാറ്റങ്ങള്‍ എന്നിവയുടെ വിശദ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദ നാഗേശ്വരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇരു സഭകളിലും റിപ്പോർട്ട് അവതരിപ്പിച്ച ശേഷം ധനമന്ത്രി വാർത്താസമ്മേളനം നടത്തുമെന്നും സൂചനയുണ്ട്. തൊഴില്‍, ജിഡിപി വളര്‍ച്ച, വിലക്കയറ്റം, ബജറ്റ് കമ്മി എന്നിവയെപ്പറ്റിയുള്ള വിശദമായ സ്ഥിരവിവരകണക്കുകള്‍ റിപ്പോര്‍ട്ടില്‍ നിന്നും ലഭ്യമാകും. ഏപ്രിലില്‍ പ്രവചിച്ച 6.8 ശതമാനം വളര്‍ച്ചയും കടന്ന് 7 ശതമാനം വളര്‍ച്ച ഇന്ത്യ 2025 സാമ്പത്തിക വര്‍ഷത്തില്‍ കൈവരിക്കുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പറയുന്നത്. ജൂണില്‍ റിസര്‍വ് ബാങ്കും 7 ശതമാനം വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. ജിഎസ്ടി പോലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യ 8 ശതമാനം ജിഡിപിയിലേക്ക് സുസ്ഥിരമായ വേഗത്തില്‍ സഞ്ചരിക്കുകയാണെന്നാണ് റിസര്‍വ് ബാങ്കിന്‍റെ നിരീക്ഷണം.