1947ൽ ആർ കെ ഷൺമുഖം ചെട്ടിയിൽ നിന്നാരംഭിക്കുന്ന ആദ്യ ബജറ്റ് മുതൽ ഇന്നുവരെ നാഴികകല്ലായി മാറിയ ധാരാളം ബജറ്റുകൾ ഇന്ത്യക്കുണ്ട്
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുമ്പോൾ ബജറ്റവതരണത്തിൽ സുദീർഘമായ ഒരു ചരിത്രം തന്നെ സ്വതന്ത്ര ഇന്ത്യക്ക് പറയാനുണ്ട്. 1947ൽ ആർ കെ ഷൺമുഖം ചെട്ടിയിൽ നിന്നാരംഭിക്കുന്ന ആദ്യ ബജറ്റ് മുതൽ ഇന്നുവരെ നാഴികകല്ലായി മാറിയ ധാരാളം ബജറ്റുകൾ ഇന്ത്യയ്ക്കുണ്ട്. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്തിയും തളർത്തിയും പോയ ബജറ്റുകൾ ഏതൊക്കെയെന്ന് നോക്കാം.
ടി ടി കൃഷ്ണമാചാരി 1957-58 കാലഘട്ടത്തിൽ അവതരിപ്പിച്ച ബജറ്റിൽ വെൽത്ത് ടാക്‌സ് ഉൾപ്പെടെയുള്ള വിപ്ലവകരമായ നികുതി പരിഷ്‌കാരങ്ങൾ ആണ് കൊണ്ടുവന്നത്. വ്യക്തിഗത ആസ്തികളുടെ മൊത്തം മൂല്യത്തിൽ ചുമത്തപ്പെട്ട ഈ നികുതി, ഇന്ത്യയുടെ നികുതി നയത്തിൽ തന്നെ കാര്യമായ മാറ്റങ്ങൾ ആണ് കൊണ്ടുവന്നത്. 2015-ൽ സമ്പത്ത് നികുതി നിർത്തലാക്കുന്നതുവരെ വിവിധ രൂപങ്ങളിൽ ഈ നികുതി ഇന്ത്യൻ നികുതി സമ്പ്രദായത്തിൻ്റെ ഭാഗമായി തുടർന്നിരുന്നു.
1991 ൽ മൻമോഹൻ സിംഗ് അവതരിപ്പിച്ച കേന്ദ്ര ബജറ്റിലുമുണ്ടായിരുന്നു രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ പരിഷ്‌കാരങ്ങൾ. ഇറക്കുമതി-കയറ്റുമതി നയം പരിഷ്കരിക്കുന്നതിനാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ നൽകിയത്. ഈ ബജറ്റോടെ കസ്റ്റംസ് തീരുവ 220 ശതമാനത്തിൽ നിന്ന് 150 ശതമാനമായി കുറഞ്ഞു. ഇത് ആഗോളതലത്തിൽ ഇന്ത്യൻ വ്യാപാരത്തെ കൂടുതൽ മത്സരാധിഷ്ഠിതമാക്കി.
പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഗവൺമെൻ്റിൻ്റെ കീഴിലും വിപ്ലവകരമായ ലിബറൽ നയങ്ങൾ മൻമോഹൻ സിംഗ് അവതരിപ്പിച്ചു. ലൈസൻസ് രാജ് അവസാനിപ്പിച്ച് സർക്കാർ നിയന്ത്രണം കുറയ്ക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തത് ഈ കാലത്താണ്. ഈ സുപ്രധാന ബജറ്റാണ് ലോകമെമ്പാടുമുള്ള ഇന്ത്യയുടെ പ്രശസ്തി വർധിപ്പിച്ചത്. ഇതോടെ വിദേശ നിക്ഷേപവും ഉയർന്നു. ഇന്ത്യയെ സുപ്രധാന സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കിയ ബജറ്റ് കൂടിയായിരുന്നു അത്.
ALSO READ; ബജറ്റിൽ കണ്ണുംനട്ട് രാജ്യം; സാധ്യതയുള്ള പ്രധാനപ്പെട്ട സാമ്പത്തിക മാറ്റങ്ങൾ ഇങ്ങനെ
1997-ൽ പി ചിദംബരം, ധനമന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റിനുമുണ്ട് ഏറെ പ്രത്യേകതകൾ. സാമ്പത്തിക വിദഗ്ധർ "ഡ്രീം ബജറ്റ്" എന്ന് വിശേഷിപ്പിച്ച ബജറ്റിൽ വ്യക്തിഗത ആദായനികുതിയും കോർപ്പറേറ്റ് നികുതിയും കുറയ്ക്കുന്നതിനാണു പ്രാധാന്യം നൽകിയത്. ഇതിനായി ഇരു നികുതികളുടെയും നിരക്ക് 40 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറച്ചു. സർചാർജുകൾ ഒഴിവാക്കുകയും റോയൽറ്റി നിരക്കുകൾ കുറയ്ക്കുകയും ചെയ്ത ഈ നീക്കം, നികുതിദായകർക്ക് കാര്യമായ ആശ്വാസം നൽകി. ഇതും ഇന്ത്യ കണ്ടതിൽ വച്ചുള്ള മികച്ച ബജറ്റ് ആയിരുന്നു.
അടൽ ബിഹാരി വാജ്‌പേയ് സർക്കാരിന്റെ കീഴിൽ യശ്വന്ത് സിൻഹ അവതരിപ്പിച്ച ബജറ്റും ഇന്ത്യയുടെ സുപ്രധാന ബജറ്റുകളിൽ ഉൾപ്പെടുന്നതാണ്. കംപ്യൂട്ടറുകൾ ഉൾപ്പെടെ 21 ഇനങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ച സിൻഹയുടെ ബജറ്റ് ഐടി മേഖലയിൽ സൃഷ്ടിച്ചത് വിപ്ലവമാണ്. ഇന്ത്യയുടെ വ്യവസായ മേഖലയുടെ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചതും ഈ ബജറ്റ് ആണ്.
ഇന്ത്യയുടെ 92 വർഷത്തെ ബജറ്റ് പാരമ്പര്യത്തിന് വിരാമമിട്ട് കൊണ്ട് കേന്ദ്ര ബജറ്റും റെയിൽവേ ബജറ്റും സംയോജിപ്പിച്ച് കൊണ്ടാണ് 2017-18 വർഷത്തിൽ അരുൺ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചത്. ഏകീകൃത ബജറ്റ് നടപടിക്രമങ്ങൾ ആയാണ് ധനമന്ത്രിയെന്ന നിലയിൽ അരുൺ ജെയ്റ്റ്‌ലി അന്ന് ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ പിന്നീട് അത് സാധാരണ രീതിയായി മാറി.