ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷത്ത് നിലപാടുകളോട് യോവ് ഗാലൻ്റ് പലപ്പോഴും കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പുലർത്തിയിരുന്നു
യോവ് ഗാലൻ്റ്
പാർലമെൻ്റ് അംഗത്വം രാജിവെച്ച് ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അഭിപ്രായ വ്യാത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് നവംബറിൽ ഗാലൻ്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. 2023 മാർച്ചിൽ സുപ്രീം കോടതിയുടെ അധികാരങ്ങൾ വെട്ടികുറയ്ക്കുന്ന നിയമപരിഷ്കാരങ്ങളെ എതിർത്തതിന് പിന്നാലെ ഗാലൻ്റിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് നെതന്യാഹു പിൻമാറുകയിരുന്നു.
“ഞാൻ എൻ്റെ രാജിക്കത്ത് നെസെറ്റ് (പാർലമെന്റ്) സ്പീക്കർക്ക് സമർപ്പിക്കും. ഞാൻ 35 വർഷമായി ഐഡിഎഫിലും ഒരു ദശാബ്ദം സർക്കാരിലും നെസെറ്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്....താൽക്കാലികമായി എല്ലാമൊന്ന് നിർത്തിവെച്ച് കാര്യങ്ങൾ വിലയിരുത്തേണ്ട ചില നിമിഷങ്ങളുണ്ട്,” ഗാലൻ്റ് ബുധനാഴ്ച ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. മിനിറ്റുകൾക്ക് ശേഷം ഗാലന്‍റ് പാർലമെൻ്റ് സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിക്കുന്ന ഫോട്ടോ അദ്ദേഹത്തിൻ്റെ ഓഫീസ് പുറത്തുവിട്ടു. ഹമാസിന്‍റെ പിടിയിലായവരെ തിരികെ കൊണ്ടുവരാൻ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും ഗാലന്റ് വ്യക്തമാക്കി.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷത്ത് നിലപാടുകളോട് യോവ് ഗാലൻ്റ് പലപ്പോഴും കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പുലർത്തിയിരുന്നു. തീവ്ര ഓർത്തഡോക്സ് ജൂത പുരുഷന്മാർക്ക് നിർബന്ധിത സൈനിക സേവനമനുഷ്ഠിക്കുന്നതിൽ ഇളവുകൾ അനുവദിച്ച നെതന്യാഹുവിന്റെ നിലപാടിനോട് ഗാലന്റിന് വിരുദ്ധ അഭിപ്രായമായിരുന്നു. 2023 മാർച്ചിൽ, സുപ്രീം കോടതിയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നെതന്യാഹു ഗാലൻ്റിനെ പുറത്താക്കിയത്.
ഇസ്രയേൽ -ഗാസ സംഘർഷങ്ങളിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഹമാസ് നേതാവിനൊപ്പം ഗാലൻ്റിനും നെതന്യാഹുവിനും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.