
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. ബംഗാളില്‍ 34 വര്‍ഷം നീണ്ട ഇടതുമുന്നണി ഭരണത്തില്‍, 2000 മുതല്‍ 2011 വരെ തുടര്‍ച്ചയായി 11 വര്‍ഷം അധികാരത്തിലിരുന്ന രണ്ടാമത്തെയും അവസാനത്തെയും സിപിഎം മുഖ്യമന്ത്രിയായിരുന്നു ഭട്ടാചാര്യ.
ജൂലൈ 29 ന് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ അലിപൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ന്യൂമോണിയയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും ആശുപത്രി വിടുമെന്നും വാര്‍ത്ത വന്നിരുന്നു. ഇതിനിടയിലാണ് വിയോഗം.
29 വര്‍ഷം നിയമസഭാഗംവും ആറു തവണ സംസ്ഥാന മന്ത്രിയും ആയിരുന്നു. ദീര്‍ഘകാലം സിപിഎം പോളിറ്റ് ബ്യൂറോ അംഗമായും പ്രവര്‍ത്തിച്ചു. 2015ല്‍ പിബിയില്‍ നിന്നും 2018ല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പിന്മാറി.
ബുദ്ധദേബ് വിരുദ്ധ തരംഗത്തിലാണ് ബംഗാളില്‍ സിപിഎമ്മിന് ഭരണം നഷ്ടമായത്. വലിയ വിവാദങ്ങളുണ്ടാക്കിയ സിംഗൂര്‍, നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍ തീരുമാനങ്ങള്‍ ബുദ്ധദേബ് സർക്കാരിൻ്റെ കാലത്തായിരുന്നു.
രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി അവസാന കാലത്ത് വായനയും എഴുത്തുമായി സജീവമായിരുന്നു ബുദ്ധദേബ്. പുസ്തകങ്ങള്‍ നിറഞ്ഞ ചെറിയ രണ്ട് മുറി ഫ്‌ളാറ്റിലാണ് അവസാനകാലം ചെലവഴിച്ചത്. ആറ് വര്‍ഷത്തിനിടെ 13 പുസ്തകങ്ങള്‍ എഴുതി.
കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഭട്ടാചാര്യ മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ ചേരുന്നതിന് മുമ്പ് സ്‌കൂള്‍ അധ്യാപകനായിരുന്നു. എം.എല്‍.എയായും മന്ത്രിയായും സേവനമനുഷ്ഠിച്ച ശേഷം, 2000-ല്‍ ജ്യോതി ബസു സ്ഥാനമൊഴിയുന്നതിന് മുമ്പ് അദ്ദേഹം ഉപമുഖ്യമന്ത്രിയായി. പിന്നീട് മുഖ്യമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.