തുപ്പനാട് ജുമാമസ്ജിദിലാണ് നാല് കുട്ടികളുടെയും ഖബറടക്കം
കല്ലടിക്കോട് പനയമ്പാടത്തില്‍ സിമന്റ് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് വിദ്യാർഥിനികൾക്ക് കണ്ണീരോടെ വിട നൽകി നാട്. ഒന്നിച്ച് കളിച്ചു വളർന്ന്, അവസാന യാത്രയിലും ഒന്നിച്ചവരുടെ അന്ത്യവിശ്രമവും ഒരുമിച്ചാണ്. തുപ്പനാട് ജുമാമസ്ജിദിലാണ് നാല് കുട്ടികളുടെയും ഖബറടക്കം.
ഇന്ന് പുലർച്ചെയാണ് കുട്ടികളുടെ വീടുകളിലേക്ക് മൃതദേഹം എത്തിച്ചത്. രാവിലെ ഒൻപത് മണി മുതൽ 10 വരെ തുപ്പനാട് ജുമ മസ്ജിദിനു സമീപത്തെ ഓഡിറ്റോറിയത്തിൽ നാലുപേരുടെയും പൊതുദർശനം നടന്നു. ഉള്ളുലയ്ക്കുന്ന കാഴ്ചയ്ക്കാണ് കല്ലടിക്കോട് സാക്ഷിയായത്. സഹപാഠികളെ അവസാനമായി കാണാൻ കൂട്ടുകാരും പ്രിയ വിദ്യാർഥികൾക്ക് യാത്രാമൊഴി നൽകാൻ എത്തിയ അധ്യാപകരും വിങ്ങിപ്പൊട്ടി. നാളെ വീണ്ടും കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെ പറഞ്ഞു പിരിഞ്ഞവരെ ഇനിയൊരിക്കലും കാണാനാകില്ലെന്ന യാഥാർഥ്യത്തിൻ്റെ ആഘാതത്തിലാണ് കൂടെ പഠിച്ചവരെല്ലാം.
കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഇന്ന് അവധിയാണ്. ഇന്ന് നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ഇന്നലെ പരീക്ഷ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
ALSO READ: നാല് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞത് സ്ഥിരം അപകടമേഖലയില്‍; കല്ലടിക്കോട് പ്രതിഷേധവുമായി നാട്ടുകാര്‍
പള്ളിപ്പുറം ഹൗസിലെ അബ്ദുല്‍ സലാം- ഫാരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറിന്‍, പട്ടേത്തൊടിയില്‍ അബ്ദുല്‍ റഫീഖ്-ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ, കവളങ്ങല്‍ ഹൗസിലെ അബ്ദുല്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ, അത്തിക്കല്‍ ഹൗസിലെ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ ഐഷ എന്നിവരാണ് കഴിഞ്ഞദിവസം വൈകിട്ടോടെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് നാല് പേരും.
അതേസമയം, അപകടത്തില്‍പ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പൊലീസ് ഇന്നെടുക്കും. ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദും ക്ലീനര്‍ വര്‍ഗീസും പരുക്കേറ്റ് ചികിത്സയിലാണ്. കല്ലടിക്കോട് പൊലീസിന്റെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കുക.
സിമന്റ് ലോറിയെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവറെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്തത്. അശ്രദ്ധമായും അമിതവേഗത്തിലും വന്നു എന്നാണ് കേസ്. പ്രജീഷ് ഓടിച്ച വാഹനത്തിന്റെ ഉടമയെയും വിശദമായി ചോദ്യം ചെയ്യും.