ഗാസയിലെ നിലവിലെ സാഹചര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനോ അത് പരിശോധിക്കാനോ കഴിയില്ല. പക്ഷെ പതിനേഴായിരത്തിലധികം വരുന്ന കുട്ടികള്‍ ഒറ്റപ്പെട്ടോ, എവിടെയാണെന്ന് അറിയാത്തതോ ആയ സാഹചര്യത്തിലാണ് കഴിയുന്നത്.
"പ്രിയപ്പെട്ടവരെക്കുറിച്ച് ഒന്നുമറിയാന്‍ കഴിയാതെ പലസ്തീനിലെ കുടുംബങ്ങള്‍ ബുദ്ധിമുട്ടുകയാണ്. സ്വന്തം കുഞ്ഞുങ്ങളുടെ മൃതശരീരം കിട്ടുന്നതിനായി കൂട്ട കുഴിമാടങ്ങളോ, കെട്ടിടങ്ങളോ തുറന്നു നോക്കേണ്ട ഗതികേട് ഒരു രക്ഷിതാവിനുമുണ്ടാകരുത്. യുദ്ധമുഖത്ത് ഒരു കുഞ്ഞ് പോലും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ കഴിയാനോ, അനാഥരായി കിടക്കാനോ, തടവിലാക്കപ്പെടാനോ പാടില്ല." ബ്രിട്ടീഷ് എയ്ഡ് ഗ്രൂപ്പ് ആയ സേവ് ചില്‍ഡ്രണിന്റെ റീജിയണല്‍ ഡയറക്ടര്‍ ജെറെമി സ്റ്റോണറുടെ വാക്കുകളാണിത്. പലസ്തീനില്‍ ഒന്‍പത് മാസത്തോളമായി ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 21,000ത്തിലധികം കുട്ടികളെ കാണാതാവുകയോ തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് സേവ് ചില്‍ഡ്രണ്‍ എന്ന സംഘടന.
പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തില്‍ കുട്ടികളാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഇസ്രയേല്‍ സേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ വെള്ളത്തുണികളില്‍ പൊതിഞ്ഞ് വെച്ചിരിക്കുന്ന കാഴ്ച കരളലയിക്കുന്നതാണ്. ഇപ്പോഴിതാ, സേവ് ചില്‍ഡ്രണ്‍ പുറത്തുവിടുന്ന കണക്കനുസരിച്ച്, കാണാതായ കുട്ടികളില്‍ വലിയ ഒരു വിഭാഗം കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. അല്ലെങ്കില്‍ കുഞ്ഞുങ്ങളെ വലിയ കുഴിമാടങ്ങളില്‍ കൂട്ടമായി മറവു ചെയ്‌തിരിക്കുകയാണ്.
ഗാസയിലെ നിലവിലെ സാഹചര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനോ അത് പരിശോധിക്കാനോ കഴിയില്ല. പക്ഷെ പതിനേഴായിരത്തിലധികം വരുന്ന കുട്ടികള്‍ ഒറ്റപ്പെട്ടോ, എവിടെയാണെന്ന് അറിയാത്തതോ ആയ സാഹചര്യത്തിലാണ് കഴിയുന്നത്. 4000ത്തോളം വരുന്ന കുട്ടികള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയാലാണെന്ന് കരുതപ്പെടുന്നു. കുഴിമാടങ്ങളില്‍ കൂട്ടമായി മറവുചെയ്യപ്പെട്ട കുട്ടികളുടെ എണ്ണം എത്രയാണെന്ന് ഇപ്പോഴും രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
ഗാസയിലെ യുദ്ധത്തില്‍ ഇതുവരെ 37,000-ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും കുട്ടികളാണ്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജൂണ്‍ ഒന്‍പത് മുതല്‍ 250 ഓളം പലസ്തീനിയന്‍ കുട്ടികളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസയില്‍ കാണാതായ കുട്ടികളുടെ കൃത്യമായ കണക്കുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് സേവ് ചില്‍ഡ്രണ്‍ ആവശ്യപ്പെടുന്നത്. ഗാസ, കുട്ടികളുടെ ശ്മശാന ഭൂമികയായി മാറിയെന്നും കാണാതായ കുട്ടികളുടെ വിധി ഇനി എന്തായിരിക്കുമെന്ന് അറിയില്ലെന്നുമാണ് ജെറെമി സ്റ്റോണര്‍ പറയുന്നത്. യുദ്ധത്തില്‍ അതിജീവിച്ചതും, എന്നാല്‍ ഇപ്പോഴും കണ്ടെത്താന്‍ സാധിക്കാത്തതുമായ കുട്ടികളെ കണ്ടെത്തി പരിപാലിക്കുന്നതിനായും കൂടുതല്‍ കുടുംബങ്ങള്‍ യുദ്ധത്തില്‍ ഛിന്നഭിന്നമാകുന്നത് തടയുന്നതിനും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സേവ് ചില്‍ഡ്രണ്‍ ആവശ്യപ്പെടുന്നു.
ഗാസയിലെ കുട്ടികള്‍ നേരിടുന്ന മോശം സാഹചര്യം ചൂണ്ടിക്കാട്ടി യുനിസെഫ് റിപ്പോര്‍ട്ട് ഈ വര്‍ഷം ആദ്യം പുറത്തു വന്നിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ച ഒക്ടോബര്‍ ഏഴ് മുതല്‍ 14,000ത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പല കുട്ടികളും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും, ഇവര്‍ ഒന്ന് കരയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് കഴിയുന്നതെന്നും യുനിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
യുദ്ധം ഒന്‍പതാം മാസത്തിലേക്ക് കടക്കുമ്പോഴും പലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താനുള്ള ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുട്ടികളെപ്പോലും വെറുതെ വിടാത്ത യുദ്ധത്തില്‍ ഇസ്രയേല്‍ ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ്. "പലസ്തീനില്‍ ഭാഗികമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്നതിന് അര്‍ത്ഥം യുദ്ധം അവസാനിപ്പിക്കലല്ല" എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മേല്‍ വീണ്ടും കരിനിഴല്‍ വീഴുകയാണ്. യുദ്ധത്തിന്റെ ഏറ്റവും കഠിനമായ ഘട്ടം കഴിഞ്ഞെങ്കിലും ഇത് യുദ്ധത്തിന്റെ അവസാനമല്ല എന്ന് തന്നെയാണ് നെതന്യാഹു അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞത്.
പലസ്തീനിലെ ഫുട്ബോള്‍ താരം അഹ്‌മദ് അബു അല്‍ അത്തയും കുടുംബവും യുദ്ധത്തില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഗാസ സിറ്റിയിലെ യുഎന്‍ പലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ യുടെ കേന്ദ്രത്തിലും ഇസ്രയേല്‍ ബോംബിട്ടു. റഫ അതിര്‍ത്തിയും അടച്ചതോടെ അടിയന്തരമായി വൈദ്യസഹായം ലഭിക്കേണ്ട 2000ത്തിലധികം രോഗികള്‍ ഗാസയില്‍ കുടുങ്ങിക്കിടക്കുകയാണ്. റഫയിലെ അഭയാര്‍ഥി ക്യാംപിലുണ്ടായ ബോംബാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധത്തില്‍ ഛിന്നഭിന്നമായ പലസ്തീന്‍ കടുത്ത ക്ഷാമത്തിലേക്കാണ് കടക്കുന്നത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുപോലും ഇസ്രയേല്‍ റഫ അടക്കമുള്ള പ്രദേശങ്ങളില്‍ ബോംബ് വര്‍ഷിച്ചിരുന്നു. യുദ്ധത്തിന്റെ ഏറ്റവും വിഷമകരമായ സാഹചര്യത്തിലൂടെ കടന്നു പോയെന്നത് മാത്രമല്ല, ഇനിയൊരു ദുരന്തം പലസ്തീന്‍ ജനതയ്ക്ക് താങ്ങാന്‍ കൂടി കഴിയില്ല. കുടുംബവും ജീവിതവും താറുമാറായ ജനത ജീവനെങ്കിലും നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ അപേക്ഷിക്കുന്നത്.