
കൊല്ലം കരുനാഗപ്പള്ളിയിൽ ഗോവൻ മദ്യവും പുകയില ഉൽപ്പന്നങ്ങളുമായി യൂട്യൂബർ പിടിയിൽ. അഴീക്കൽ സ്വദേശി അനന്തുലാലാണ് പിടിയിലായത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് നിരന്തരം മദ്യമെത്തിച്ച് കച്ചവടം നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് കണ്ടെത്തി.
ഗോവയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് രഹസ്യമായി വിൽപ്പന നടത്തി വന്ന ഗോവൻ വിദേശ മദ്യമാണ് എക്സൈസ് പിടികൂടിയത്. ആയിരംതെങ്ങ്-അഴീക്കൽ പാലത്തിന് സമീപം താമസിക്കുന്ന അനന്തു ലാലിനെയാണ് കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് നടത്തിയ റെയ്ഡിൽ പിടികൂടിയത്.
വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ നിന്നും ഗോവൻ മദ്യം കണ്ടെടുത്തത്. ഇയാൾ താമസിച്ചിരുന്ന വീടിന് മുൻവശം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് കേരളത്തിൽ വിൽപ്പന നിരോധിച്ചിട്ടുള്ള 13 കിലോ ഗ്രാം പാൻ മസാലയും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10 കുപ്പി മദ്യവും കണ്ടെടുത്തു. വാഹനം എക്സെസ് കസ്റ്റഡിയിലെടുത്തു.
അനന്തു യൂട്യൂബറും കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷന്‍ കോ-ഓർഡിനേറ്ററുമാണ്. ഓണക്കാലത്തിന് മുന്നോടിയായി കേരളത്തിന് പുറത്തുനിന്ന് കുറഞ്ഞ വിലക്കുള്ള മദ്യം കടത്തിക്കൊണ്ടുവരുന്നതായി കൊല്ലം എക്സൈസ് ഇന്റലിജൻസിന്‍റെ വിവരത്തെ തുടർന്നാണ് റെയ്ഡ് നടന്നത്.