സർക്കാർ വേട്ടക്കാർക്കൊപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചത് ഗുരുതരമായ ക്രിമിനല്‍ കുറ്റം: വി.ഡി. സതീശന്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സർക്കാർ ആരോപണ വിധേയരെയും ഇരകളേയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്താന്‍ പോകുകയാണ്. ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു
സർക്കാർ വേട്ടക്കാർക്കൊപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചത് ഗുരുതരമായ 
ക്രിമിനല്‍ കുറ്റം: വി.ഡി. സതീശന്‍
Published on

സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച് ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. റിപ്പോർട്ട് പുറത്ത് വിടാന്‍‌ നാലര വർഷത്തെ കാലതാമസമുണ്ടായതിനെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും സതീശന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സർക്കാർ ആരോപണ വിധേയരെയും ഇരകളേയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്താന്‍ പോകുകയാണ്. ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. അത് തന്നെയാണ് ഡബ്ല്യൂസിസിയും പറഞ്ഞിരുന്നത്. അവരാണ് സിനിമ എന്ന തൊഴിലിടത്ത് നടക്കുന്ന ലഹരി ഉപയോഗത്തെപ്പറ്റിയും ലൈംഗിക ചൂഷണത്തെപ്പറ്റിയും പറഞ്ഞത്. അവർ കൊടുത്ത മൊഴികള്‍ പെന്‍ഡ്രൈവും വാട്‌സപ്പ് മെസേജുകളായും സർക്കാരിന്‍റെ പക്കല്‍ ഇരിക്കുകയാണ്. എന്നാല്‍ മൊഴിക്ക് പുറമെ ഇരകളോട് പരാതി നല്‍കാന്‍ സർക്കാർ ആവശ്യപ്പെടുകയാണെന്നും വി. ഡി സതീശന്‍ ആരോപിച്ചു.


ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി ഭാരതീയ ന്യായ സംഹിതയുടെ 199-ാം വകുപ്പ് വായിക്കണമെന്നും സർക്കാരിന് ചൂഷണങ്ങളെപ്പറ്റി അറിവു കിട്ടിയിട്ടും മറച്ച് വെച്ചത് കുറ്റകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജസ്റ്റിസ് ഹേമ, റിപ്പോർട്ട് പുറത്ത് വിടരുതെന്ന് കത്ത് നല്‍കിയിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും സതീശന്‍ വിമർശിച്ചു. ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. അത് തന്നെയാണ് ജസ്റ്റിസ് ഹേമ കത്തില്‍ സൂചിപ്പിച്ചതെന്നും സതീശന്‍ പറഞ്ഞു.


സിനിമ സംഘടനകളുടെ റിപ്പോർട്ടിനോടുള്ള പ്രതികരണത്തെ പഴയ കാലത്തെ ഔട്ട്കാസ്റ്റുകളോടുള്ള സമീപനവുമായി ചേർത്താണ് പ്രതിപക്ഷ നേതാവ് വിശദീകരിച്ചത്. നമ്മള്‍ നൂറ് കൊല്ലം മുന്‍പ് പിന്നാക്കമുള്ള ജനതയെ ഔട്ട്കാസ്റ്റ് എന്നാണ് വിളിച്ചിരുന്നത്. അവർ ജാതിക്ക് പോലും പുറത്തായിരുന്നു. ഇരകളായ സ്ത്രീകള്‍ പഴയ ഔട്ട്കാസ്റ്റിന് സമാനമായ നിലയില്‍. സ്ത്രീകളും സിനിമ കുടുംബത്തിലെ അംഗങ്ങളല്ലേ. അവരെ ചേർത്ത് പിടിക്കാന്‍ സഹോദരന്മാർ ആരെയും കാണുന്നില്ലല്ലോയെന്നും സതീശന്‍ ആശങ്ക പ്രകടിപ്പിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com