സർക്കാർ അഭിഭാഷകർ കോടതിയിൽ സ്വീകരിച്ചത് റിപ്പോർട്ട് പുറത്തുവിടണമെന്ന നിലപാടാണെന്നും മന്ത്രി
ഹേമ കമ്മിറ്റി റിപ്പോർട്ടിന് മേലുള്ള ചർച്ചകൾ പ്രശ്ന പരിഹാരത്തിന് ഉതകുമെന്ന് തോന്നുന്നതായി മന്ത്രി പി. രാജീവ്. സ്ത്രീ സംരക്ഷണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. സർക്കാർ അഭിഭാഷകർ കോടതിയിൽ സ്വീകരിച്ചത് റിപ്പോർട്ട് പുറത്തുവിടണമെന്ന നിലപാടാണെന്നും മന്ത്രി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, സസ്പെന്‍സുകള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ 5 പേര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. മലയാള സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദമല്ലെന്ന നിര്‍ണായക വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്.
ALSO READ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്; സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദമല്ല
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമല്ല. റിപ്പോര്‍ട്ട് ചെയ്ത പലതില്‍ ഒന്ന് മാത്രമാണിത്. ഇത് സാധൂകരിക്കുന്ന വാട്സാപ്പ് മെസെജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ട്. ചില പുരുഷന്‍മാര്‍ക്ക് പോലും തെളിവുകള്‍ നല്‍കാന്‍ ഭയപ്പെടുന്നു. സിനിമ മേഖലയില്‍ പവര്‍ഗ്രൂപ്പ് സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാണുന്നതെല്ലാം വിശ്വസിക്കരുത്, ഉപ്പുപോലും പഞ്ചസാരയായി തോന്നാം, ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ട് . സിനിമയുടെ ഗ്ലാമര്‍ വെറും പുറംമോടിയാണ് , ശുചിമുറി സൗകര്യങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും നടക്കും നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ആദ്യ ഭാഗത്ത് തന്നെ വ്യക്തമാക്കുന്നു.